തൃശൂർ: നടനും ഗായകനുമായ അന്തരിച്ച കലാഭവൻ മണിയുടെ സ്മാരകത്തിനായി മൂന്ന് ബജറ്റുകളിലായി 3 കോടി രൂപ വകയിരുത്തിയിട്ടും സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങുന്നതിൽ പ്രതിഷേധിച്ച് മണിയുടെ കുടുംബം. ഇടതുപക്ഷ സർക്കാരിൽ നിന്നും ഇത്തരത്തിലൊരു അവഗണന പ്രതീക്ഷിച്ചില്ലെന്ന് സഹോദരൻ രാമകൃഷ്ണൻ പറഞ്ഞു.
നിരന്തരമായി പ്രതിഷേധിക്കുന്ന കുടുംബം എന്ന ചീത്തപേര് ഇനിയുണ്ടാക്കാൻ ആഗ്രഹമില്ല. സ്മാരകത്തിനായി പ്രതിഷേധ സമരം വീണ്ടും നടത്തും. അദ്ദേഹം മരിച്ചിട്ട് വരുന്ന മാർച്ച് മാസം എട്ട് വർഷമാവുകയാണ്. എന്നിട്ടും സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത് നടപ്പിലാക്കാത്തതിൽ ആശങ്കയുണ്ടെന്നും രാമകൃഷ്ണൻ പ്രതികരിച്ചു.
ചാലക്കുടിയിൽ പ്രഖ്യാപിച്ച സ്മാരകം വൈകുന്നതിലാണ് പ്രതിഷേധമെന്നും സമരം ചെയ്യേണ്ടിവരുമെന്നും രാമകൃഷ്ണൻ പറഞ്ഞു. കലാഭവൻമണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റുകളിൽ 3 കോടി രൂപ വകയിരുത്തിയിട്ടും ഒന്നും നടന്നില്ല.
സർക്കാരിന്റെ ചലച്ചിത്ര മേളകളും മണിയെ അവഗണിക്കുന്നു എന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു. മണിയോട് ഫോക് ലോർ അക്കാദമി വിവേചനം കാണിക്കുന്നു. സ്മാരകം വരാതിരിക്കാൻ ആരൊക്കെയോ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നും ആർഎൽവി രാമകൃഷ്ണൻ വ്യക്തമാക്കി.