
കാഞ്ഞങ്ങാട് : കേരളത്തിലെ എസ് എഫ് എ അംഗീകൃത സെവൻസ് ടൂർണമെൻ്റുകളിൽ ഏറ്റവും മികച്ച ടൂർണമെന്റായ കെ സെവൻസ് സോക്കർ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 5 ന് തുടക്കമാകും. ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശം ഉയർത്തി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുർഗാ ഹയർ സെക്കൻഡറി സ്കൂൾ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ ക്യാപ്റ്റനും ഐ എസ് എൽ കമാന്റേറ്ററുമായ ജോപോൾ അഞ്ചേരി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ സെവൻസ് ഫുട്ബോൾ അസോസിയേഷൻ അംഗീകരിച്ച മികച്ച 20 ടീമുകളാണ് ഇത്തവണ കെ സെവൻസ് സോക്കറിൽ മാറ്റുരയ്ക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലെ കരുത്തരായ താരങ്ങളും ഐ എസ് എൽ താരങ്ങളും ജൂനിയർ ഇന്ത്യൻ താരങ്ങളും വിവിധ ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടും. 19 ദിവസങ്ങളിലായി നടക്കുന്ന മത്സരം ഏപ്രിൽ 24 ന് അവസാനിക്കും. ഉദ്ഘാടനമത്സരത്തിൽ കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ നാഷണൽ എഫ് സി കോട്ടപ്പുറത്തിന് വേണ്ടി ഫിറ്റ്വെൽ കോഴിക്കോട് എഫ് സി തൃക്കരിപ്പൂരിനെ നേരിടും. തുടർന്നുള്ള ദിവസങ്ങളിൽ മെഡിഗാർഡ് അരീക്കോട്, ഹിറ്റാച്ചി തൃക്കരിപ്പൂർ, ബി എൻ ബ്രദേഴ്സ് ബദരിയ നഗറിന് വേണ്ടി റോയൽ ട്രാവൽസ് കോഴിക്കോട്, കെ എഫ് സി കാളികാവ്. അരയാൽ ബ്രദേഴ്സ് അതിഞ്ഞാലിന് വേണ്ടി അൽ മദീന ചെർപ്പുളശ്ശേരി, നെക്സ്റ്റൽ ഷൂട്ടേഴ്സ് കാസർഗോഡ്, ഇൻലാൻ്റ്സ് കാഞ്ഞങ്ങാടിനു വേണ്ടി ലിൻഷ മണ്ണാർക്കാട്, ബീച്ച് ഫ്രണ്ട്സ് ബത്തേരിക്കലിനു വേണ്ടി യുണൈറ്റഡ് എഫ്.സി നെല്ലിക്കുന്ന്, ഉഷ എഫ്. സി തൃശ്ശൂർ,യൂറോ സ്പോർട്സ് പട്ന്ന, ഗോൾഡ് ഹിൽ ഹദ്ദാദിനു വേണ്ടി ഫിഫ മഞ്ചേരി, 100 എച്ച്. പി ബ്രദേർസ് കാഞ്ഞങ്ങാടിനു വേണ്ടി എഫ്.സി കൊണ്ടോട്ടി, ഹാസ്ക് ഹദ്ദാദ് നഗറിനു വേണ്ടി കെ.എം.ജി മാവൂർ, നന്മ നീലേശ്വരത്തിനു വേണ്ടി കെ.ആർഎസ്.സി കോഴിക്കോട്, ടൗൺ ബോയ്സ് പുതിയകോട്ടയ്ക്ക് വേണ്ടി കെ.ഡി.എസ്. കിഴിശ്ശേരി, പാർകോ അതിയാമ്പൂരിന് വേണ്ടി അഭിലാഷ് എഫ്.സി കുപ്പോത്ത്, സ്പോർട്ടിംങ്ങ് ഇമാറത്ത് മൂന്നാം മെയിലിനു വേണ്ടി സബാൻ കോട്ടക്കൽ, ബ്രദേഴ്സ് ബാവനഗറിനു വേണ്ടി സൂപ്പർ സ്റ്റുഡിയോ മലപ്പുറം എന്നി ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. എല്ലാ ദിവസവും രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സംഘാടക സമിതി ചെയർമാൻ പി.കെ.നിഷാന്ത്, സംഘാടക സമിതി ജനറൽ കൺവീനർ വി.ഗിനീഷ്, പ്രചരണ കമ്മിറ്റി ചെയർമാൻ പ്രിയേഷ് കാഞ്ഞങ്ങാട്, മീഡിയാ കമ്മിറ്റി ചെയർമാൻ ഇ.വി.ജയകൃഷ്ണൻ, മീഡിയാ കമ്മിറ്റി കൺവീനർ ടി.കെ.നാരായണൻ, ഡിവൈഎഫ്ഐ നേതാക്കളായ അനീഷ് കുറുമ്പാലം, യതീഷ് വാരിക്കാട്ട്, ഡോ.എ.ആർ.ആര്യ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.