തൃശൂർ പാവറട്ടി വിളക്കാട്ട്പാടത്ത് നടന്ന ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തിൽ മികച്ച ഷോർട്ട് ഫിലിമിനുള്ള ജോൺ എബ്രഹാം പുരസ്ക്കാരം ചന്ദ്രു വെള്ളരിക്കുണ്ട് സംവിധാനം ചെയ്ത വധു വരിക്കപ്ലാവ് നേടി. സമാപന ചടങ്ങിൽ നടൻ ശിവജി ഗുരുവായൂരിൽ നിന്ന് സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ട് പുരസ്ക്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ ജോൺ അബ്രഹാമിൻ്റെ സഹചാരിയും ഒഡേസ ഫിലിം ക്ലബ്ബ് പ്രവർത്തകനുമായ സ്കറിയ മാത്യുവിനെ ആദരിച്ചു.
പ്രശസ്ത സിനിമ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്ത നാല് നാൾ നീണ്ട ചലച്ചിത്രോത്സവത്തിൽ നിരവധി ലോക സിനിമകളും പ്രാദേശിക സിനിമകളും ഹൃസ്വ ചിത്രങ്ങളും പ്രദർശിപ്പിക്കപ്പെട്ടു.
സമാപന ദിവസം വൈകിട്ട് ജോൺ എബ്രഹാം പുരസ്ക്കാരത്തിനായുള്ള ഷോർട്ട് ഫിലിമുകളുടെ ഫൈനൽ റൗണ്ട് മത്സരത്തിൽ ജനകീയ വിധി നിർണ്ണയത്തിൽ നിന്നുമാണ് വധു വരിക്കപ്ലാവ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. വിഷയത്തിലെ പുതുമയും ആനുകാലിക പ്രസക്തിയും, അവതരണത്തിലെ പ്രൊഫഷണലിസവും അഭിനയേതാക്കളുടെ മികച്ച പ്രകടനവും പരിഗണിച്ചാണ് വരിക്കപ്ലാവിനെ അവാർഡിന് അർഹമാക്കിയതെന്ന് സംഘാടകർ പറഞ്ഞു.
ചെറുതും വലുതുമായി പതിനഞ്ചോളം അവാർഡുകൾ ഇതിനോടകം വധു വരിക്കപ്ലാവിന് ലഭിച്ചിട്ടുണ്ട്. രാജ്യം അറിയപ്പെടുന്ന വിഖ്യാത ചലച്ചിത്രകാരനായിരുന്ന ജോൺ അബ്രഹാമിൻ്റെ പേരിലുള്ള അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ഇതൊരു കൂട്ടായ്മയുടെ വിജയമാണെന്നും ഈ ഷോർട്ട് ഫിലിമിൻ്റെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേർക്കും അവകാശപ്പെട്ടതാണ് ഈ അവാർഡെന്നും ചന്ദ്രു പറഞ്ഞു.
കാസർകോട് ഒടയൻചാലിൽ നിന്നും ചിത്രീകരിച്ച ഈ ഷോർട്ട് ഫിലിം പ്രാദേശിക ഭാഷയിലാണ് അവതരിപ്പിച്ചത്. യൂട്യൂബിൽ പൊൻമുട്ട ചാനൽ വഴി റീലീസ് ചെയ്ത ഈ ഷോർട്ട് ഫിലിം 3 ലക്ഷത്തോളം ആളുകൾ ഇതിനോടകം കണ്ടു.