നീലേശ്വരം: നീലേശ്വരം ജുനിയര്‍ ചേമ്പറിന്റെ അമ്പതാംവാര്‍ഷികാഘോഷം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ സുവര്‍ണ്ണമഹോത്സവം 2024 എന്ന പേരില്‍ ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സുവര്‍ണ്ണ മഹോത്സവത്തോടനുബന്ധിച്ച് നിരവധി അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. സമൂഹവിവാഹം , ഫുഡ്‌കോര്‍ട്ട്, ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് എന്നിവയും ഉണ്ടാകും. ഐ.എം.എ കാഞ്ഞങ്ങാടുമായി സഹകരിച്ച് നീലേശ്വരം നഗരസഭയിലേ എല്ലാ വാര്‍ഡുകളിലും ബി.എല്‍.എസ്.സി.പി.ആര്‍ പരിശീലനം, നഗരസഭക്കകത്തെ 9, 10 ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, കരിയര്‍ ഗൈഡന്‍സ് സെമിനാര്‍, അമ്പത് കുട്ടികളെ തിരഞ്ഞെടുത്ത് ലീഡേഴ്‌സ ക്ലബ്, വിവിധ മേഖലകളില്‍ കഴിവി തെളിയിച്ച 50 പ്രതിഭകളെ പങ്കെടുപ്പിച്ച് യൂത്ത് ഐക്കണ്‍ അവാര്‍ഡ്, മാധ്യമ സെമിനാര്‍,നീലേശ്വരം സാഹിത്യോത്സവം, 50 നിര്‍ധന വനിതകള്‍ക്ക് തൊഴില്‍ പരിശീലനം, അന്തര്‍ ദേശീയ പരിശീലകരുടെ നേതൃത്വത്തില്‍ ബിസിനസ് വികസന പരിശീലന പരിപാടി. മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍, ജോബ് ഏക്‌സ്‌പോ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുക.
സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം ഫെബ്രവരി ആറിന് വൈകീട്ട് നാലരക്ക് നീലേശ്വരം ജെസിഐ ഹാളില്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും.
പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുന്‍ ദേശീയ പ്രസിഡന്റും ചെയര്‍മാനുമായ എ.വി വാമനകുമാര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ പ്രവീണ്‍ മേച്ചേരി, ജെ.സി.ഐ നീലേശ്വരം പ്രസിഡന്റും ജനറല്‍ കണ്‍വീനറുമായ ഹരിശങ്കര്‍.വി.വി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൈബു കെ.പി, ട്രഷറര്‍ എന്‍. ശ്രീജിത്ത് എന്നിവര്‍ സംബന്ധിച്ചു.