
നീലേശ്വരം :കൊല്ലപ്പെട്ട ശരത്ത് ലാലിന്റെയും കൃപേഷിന്റെയും ആറാമത് രക്തസാക്ഷിത്വ ദിനചാരണത്തിന്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അക്രമരാഷ്ട്രീയത്തിനെതിരെ തയ്യാറാക്കിയ നൃത്ത ശില്പയാത്ര ‘പെരിയ നൊമ്പരം’ നീലേശ്വരത്ത് മുൻ ഡി. സി. സി പ്രസിഡൻ്റും കെ. പി. സി. സി നിർവാഹകസമിതി അംഗവുമായ ഹക്കിം കുന്നിൽ ഉദ്ഘാടനം ചെയ്തു. ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഷിബിൻ ഉപ്പിലിക്കൈ അധ്യക്ഷനായി. ജവഹർ ബാൽ മഞ്ചിന്റെ മുൻ ഉദുമ മണ്ഡലം ചെയർമാൻ കൂടിയായിരുന്ന ശരത്ത് ലാലും കൃപേഷും കുട്ടികളുടെ കലാ കായിക സർഗ്ഗാത്മക കഴിവുകൾ പ്രോൽസാഹിപ്പിക്കുന്നതിൽ മുന്നിൽ നിന്നവരായിരുന്നു. നീലേശ്വരത്ത് നിന്ന് ആരംഭിച്ച യാത്ര കാഞ്ഞങ്ങാട് മൂലക്കണ്ടം,പെരിയ എന്നിവിടങ്ങളിൽ പര്യടനം നടത്തി കല്ല്യോട്ട് സമാപിച്ചു. സമാപനം യു. ഡി. എഫ് കൺവീനർ എ. ഗോവിന്ദൻ നായർ നിർവഹിച്ചു.ജവഹർ ബാൽ മഞ്ച് കല്ല്യോട്ട് യൂണിറ്റിലെ കുട്ടികളെ അണിനിരത്തി കൊണ്ട് ജവഹർ ബാൽ മഞ്ച് അജാനൂർ മണ്ഡലം ചെയർമാൻ ശ്രീരേഷ് രത്നാകരനാണ് നൃത്തശില്പം അണിയിച്ചൊരുക്കിയത്.വിവിധ സ്ഥലങ്ങളിലായി നൂറോളം പ്രവർത്തകർ പരിപാടിയെ സ്വീകരിച്ചു.കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠൻ, എം അസിനാർ,യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കാർത്തികേയൻ പെരിയ മുഖ്യാതിഥിയായി സംസാരിച്ചു.