കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം പാറയിൽ മേഘസ്ഫോടനം ഉണ്ടായതായി സംശയം. ചുരുങ്ങിയ സമയത്തിനുള്ളിൽ കോരിച്ചൊരിഞ്ഞ മഴയെ തുടർന്ന് ശക്തമായ മലവെള്ളപ്പാച്ചിൽ. ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെയാണ് മലവെള്ളം ഒഴുകിയെത്തിയത്.
കോളംകുളത്തെ ദേവസ്യയുടെ മുറ്റത്ത് കൂട്ടിയിട്ടിരുന്ന തേങ്ങകളും ഉണങ്ങാൻ ഇട്ട വിറകും ഒലിച്ചുപോയി. ഈ സമയത്ത് ഈ പ്രദേശത്ത് വലിയ മഴ ഉണ്ടായിരുന്നില്ല എന്നാൽ നിമിഷം നേരം കൊണ്ട് ഒഴുകിയെത്തിയ മഴവെള്ളം മുറ്റത്തും തോട്ടങ്ങളിലും നിറയുകയും തോടു കരവുകയുമായിരുന്നു. സാധാരണഗതിയിൽ ബിരിക്കുളം പാറയിൽ ശക്തമായ മഴ പെയ്താൽ മാത്രമേ ഇത്തരത്തിലുള്ള വെള്ളപ്പൊക്കം ഉണ്ടാകാറുള്ളൂ എന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങൾക്കു മുൻപ് സമാനാനുഭവം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.