വൻ ലാഭവിഹിതം മോഹിച്ച ഹൈറിച്ച് ഓൺലൈൻ ഷോപ്പിൽ നാല് ലക്ഷത്തി പത്തായിരം രൂപ നിക്ഷേപിച്ച യുവതിക്ക് പണം നഷ്ടപ്പെട്ടു. ചട്ടഞ്ചാൽ കുന്നറ ഹൗസിൽ അബൂബക്കറിന്റെ മകൾ തസ്നിക്കാണ്(36) പണം നഷ്ടമായത്. സംഭവമായി ബന്ധപ്പെട്ട് ഹൈറിച്ച് മാനേജിംഗ് ഡയറക്ടർമാരായ തൃശ്ശൂരിലെ ദാസൻ പ്രതാപൻ, സീന പ്രതാപ്, പ്രമോട്ടർമാരായ കാഞ്ഞങ്ങാട്ടെ സൈബു, കോഴിക്കോട് സ്വദേശി ഷാനിബ് എന്നിവർക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. പത്തായിരം രൂപക്ക് ആഴ്ചയിൽ 110 രൂപ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തസ്നിയിൽ നിന്നും കഴിഞ്ഞ ഡിസംബർ രണ്ടിന് സൈബുവും ഷാനിബും ചേർന്ന് നാല് ലക്ഷത്തി പത്തായിരം രൂപ വാങ്ങി ഹൈറിച്ചിൽ നിക്ഷേപിച്ചത്. എന്നാൽ പിന്നീട് ലാഭവിഹിതമോ നിക്ഷേപത്തുകയോ നൽകാതെ വഞ്ചിച്ചു എന്ന പരാതിയിലാണ് പോലീസ് കേസടുത്തത്.