കാഞ്ഞങ്ങാട് : ലോക വൃക്ഷ ദിനത്തിൽ നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ പരിചരണ പ്രവർത്തനങ്ങൾ നടത്തി. കാഞ്ഞങ്ങാട് ഇക്ബാൽ ജംഗ്ഷൻ മുതൽ നഗരത്തിന്റെ ഇരുവശങ്ങളിലുമായി വെച്ചുപിടിപ്പിച്ച മരങ്ങളിലെ ഇരുമ്പാണികൾ, കമ്പികൾ, ബോർഡുകൾ, ടയറുകൾ എന്നിവ പ്രവർത്തകർ എടുത്തുമാറ്റി. പരസ്യ ബോർഡുകളും പ്ലാസ്റ്റിക് കൊടി തോരണങ്ങളും മരങ്ങളിൽ അനിയന്ത്രിതമായി കെട്ടിവെച്ചതിനാൽ പല മരങ്ങളും ഉണങ്ങി നശിക്കുന്ന സ്ഥിതിയാണ് ഉള്ളത്.
കാഞ്ഞങ്ങാടിന്റെ നഷ്ടപ്പെട്ട ഹരിതാഭ തിരിച്ചു കൊണ്ടുവരുന്നതിനായി മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ഒപ്പം പരിപാലനവും പരിചരണവും ഏറ്റെടുത്തു നടത്തുന്ന നന്മമരം കാഞ്ഞങ്ങാട് ദിവസം സൗജന്യ ഉച്ചഭക്ഷണ വിതരണവും നടത്തി വരുന്നുണ്ട്.
വൃക്ഷങ്ങളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന തരത്തിൽ കേബിളുകളും കമ്പികളും കെട്ടി പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനു എതിരെ ജനകീയ പങ്കാളിത്തത്തോടെ അധികൃതർക്ക് പരതി നൽകാനുള്ള നീക്കത്തിലാണ് നന്മമരം കാഞ്ഞങ്ങാട്.
പ്രവർത്തനങ്ങൾക്ക് ചെയർമാൻ സലാം കേരള, ടി. കെ, വിനോദ്, ബിബി ജോസ്, സി. പി. ശുഭ, ഷിബു നോർത്ത്കോട്ടച്ചേരി, സിന്ധു കൊളവയൽ, രാജൻ. വി. ബാലൂർ, ഹരീഷ് ബെള്ളിക്കോത്ത്, ഗോകുലാനന്ദൻ, ദിനേശൻ എക്സ് പ്ലസ്, പ്രസാദ് ബി. കെ, ബഷീർ കൊത്തിക്കാൽ, നവീൻ ഗോപി കവ്വായി എന്നിവർ നേതൃത്വം നൽകി.