
ചെറുവത്തൂർ : നന്മകളെ കൺകെട്ടു വിദ്യയാക്കി കൺമുന്നിൽ നിന്ന് മറയ്ക്കുമ്പോൾ പ്രതിരോധത്തിൻ്റെ കാഹള ധ്വനി മുഴക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നാടകയാത്ര – ഇന്ത്യ സ്റ്റോറി – ജില്ലയിൽ പ്രയാണം തുടരുന്നു. അദൃശ്യമാക്കുന്ന വാനിഷിംഗ് ഗെയിമായി രാജ്യഭരണം മാറുമ്പോൾ ഏഴ് പതിറ്റാണ്ടിലേറേ കാലം മാനവികത ഉയർത്തിപ്പിടിച്ചു മുന്നേറിയ ഭാരതത്തിലെ ജനാധിപത്യം, മതേതരത്വം, തുല്യത, സാമൂഹ്യ നീതി എന്നിവയെല്ലാം അദൃശ്യമാക്കപ്പെടുകയാണെന്ന് ജാഥയിലെ കലാ പരിപാടികൾ ഉറക്കെ പ്രഖ്യാപിക്കുന്നു. വാക്കിൻ്റെ ഊക്കിനെ ഭയക്കുന്ന ഭരണാധികാരികൾ എതിർശബ്ദമുയർത്തുന്ന നാക്കറുത്തു മാറ്റുന്നു.
രാഷ്ട്ര ഭരണത്തിൻ്റെ കൊടിയടയാളമായി ബുൾഡോസർ മാറുന്നു. ‘അസഹിഷ്ണുതയുടെയും അവഗണനയുടെയും ബുൾഡോസർ കൈകൾ വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും എത്തിരെ മാത്രമല്ല ഫെഡറലിസത്തിൻ്റെ വേരും പിഴുതെറിയുമ്പോൾ ഞെരിഞ്ഞമരുന്ന തുരുത്തായി കേരളവും മാറുന്നു. കാലാവസ്ഥാ വ്യതിയാനം പ്രകൃതിക്ഷോഭത്തിൻ്റെയും പകർച്ചവ്യാധികളുടെയും രൂപത്തിൽ തകർത്താക്രമിച്ച കേരളം കേന്ദ്ര അവഗണനയുടെ ബുൾഡോസർ കൈകളിൽ ഞെരിഞ്ഞമരുമ്പോൾ സംഘശക്തിയുടെ കരുത്തുയർത്തി പ്രതിരോധിക്കാൻ നാടകയാത്ര ആഹ്വാനം ചെയ്യുന്നു.
ജനുവരി 19 ന് കോഴിക്കോട് ജില്ലയിൽ നിന്ന് പ്രയാണമാരംഭിച്ച ഉത്തര മേഖല നാടകയാത്രയാണ് രണ്ടു ദിവസമായി ജില്ലയിൽ കലാ പരിപാടികൾ അവതരിപ്പിക്കുന്നത്.
ചെറുവത്തൂർ , മടിക്കൈ മേക്കാട്ട്, എന്നീ കേന്ദ്രങ്ങളിൽ ജാഥയ്ക്ക് ഊഷ്മള വരവേല്പ് ലഭിച്ചു. ശനിയാഴ്ച രാവിലെ 9 മണി മുന്നാട്, 11.30ബിരിക്കുളം 3.30 കൊയോങ്കര എന്നീ കേന്ദ്രങ്ങളിലെ സ്വീകരണ ശേഷം കണ്ണൂർ ജില്ലയിലേക്കു പ്രവേശിക്കും. എം.എസ്. അരവിന്ദ് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിലെ ഗാനങ്ങൾ രചിച്ചത് എം.എം സചീന്ദ്രൻ ആണ്. എ.എം. ബാലകൃഷ്ണൻ മാനേജറും ബിന്ദു പീറ്റർ ക്യാപ്റ്റനുമായുള്ള ജാഥയിൽ 15 അംഗങ്ങളുണ്ട്. ചെറുവത്തൂർ സ്വീകരണ കേന്ദ്രത്തിൽ കെ. പ്രേംരാജ് സ്വാഗതം പറഞ്ഞു. എം.വിജയകുമാർ അധ്യക്ഷനായി. ജില്ല സെക്രട്ടറി പി.കുഞ്ഞികണ്ണൻ, പ്രസി: വി.ടി. കാർത്യായനി, എം.വി.ഗംഗാധരൻ, ആർ. ഗീത, വി. മധുസുദനൻ, തുടങ്ങിയവർ സംസാരിച്ചു