ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ചന്ദ്രൻ ആറങ്ങാടി വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യത്തിന് ഒടുവിൽ അംഗീകാരം ആകുന്നു. ഇന്നലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി. രാജേഷിന്റെ സാന്നിധ്യത്തിൽ കാസർഗോഡ് നടന്ന തദ്ദേശ അദാലത്തിലാണ് ആലാമി പള്ളി ബസ് സ്റ്റാൻഡിനോട് ചേർന്ന് മുൻസിപ്പൽ സ്റ്റേഡിയം പണിയണമെന്ന ചന്ദ്രന്റെ ആവശ്യം പരിശോധിക്കാൻ മന്ത്രി നിർദേശം നൽകിയത്. പരാതി ഏറെക്കാലമായി നിലനിൽക്കുന്നതിനാൽ കൗൺസിൽ യോഗത്തിൽ ചർച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കണം എന്നാണ് മന്ത്രി കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയത്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട് നഗരത്തിൽ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റേഡിയം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രൻ ആറങ്ങാടി വർഷങ്ങളായി പോരാട്ടത്തിലാണ്. ഇതിനുവേണ്ടി കോടതിയെ സമീപിക്കുകയും നഗരസഭ ആസ്ഥാനത്തിന് മുന്നിൽ ഒരു ദിവസം ഫുട്ബോൾ കളിച്ചുകൊണ്ട് സമരം നടത്തുകയും ചെയ്തിരുന്നു. ഹൈക്കോടതിയിൽ നിന്നും ചന്ദ്രന് അനുകൂലമായ വിധിയുണ്ടായിരുന്നുവെങ്കിലും ഇതൊക്കെ നഗരസഭ അട്ടിമറിക്കുകയായിരുന്നു വത്രെ. മന്ത്രിയുടെ നിർദ്ദേശവും നടപ്പിലാക്കാൻ തയ്യാറായില്ലെങ്കിൽ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ചന്ദ്രൻ ആറങ്ങാടി പറഞ്ഞു. കാഞ്ഞങ്ങാട്ടെ കായിക പ്രേമികൾക്ക് കായിക പരിശീലനം നടത്താനും ഉന്നത തലത്തിലുള്ള കായിക മത്സരങ്ങൾ സംഘടിപ്പിക്കുവാനുമാണ് കാഞ്ഞങ്ങാട്ട് സ്റ്റേഡിയം വേണമെന്ന് ആവശ്യം ഉയർത്തുന്നതെന്ന് ചന്ദ്രൻ ആറങ്ങാടി പറഞ്ഞു.