
നീലേശ്വരം :മംഗ്ലൂരു സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ കർണ്ണാടക റെയിൽവേ പൊലിസിൻ്റെ ക്രൂര മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളി ജവാൻ്റെ കാൽമുറിച്ചു മാറ്റി.നീലേശ്വരം അങ്കക്കളരിയിലെ പരേതനായ ഉദയന സ്വാമിയുടെ മകൻ പി വി സുരേശന്റെ (54)കാലാണ് മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ മുട്ടിനു മുകളിൽ വച്ച് മുറിച്ചു മാറ്റിയത്. ഫെബ്രുവരി ഒന്നിനാണ് സുരേശന് റെയിൽവേ പൊലിസിൻ്റെ മർദ്ദനമേറ്റത്.മംഗളൂരുവിലെ മിലിറ്ററി കാൻറീനിലേക്ക് പോയ സുരേശൻദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റെയിൽവെ സ്റ്റേഷനിലെ ബെഞ്ചിൽ കിടക്കുമ്പോഴാണ് പൊലിസുകാർ ഇവിടെ കിടക്കാൻ പാടില്ലെന്ന് പറഞ്ഞത്. പിന്നീട് കുറച്ചു കഴിഞ്ഞ് വീണ്ടും വന്ന പൊലിസുകാർ ഉറങ്ങിക്കിടന്ന സുരേശന്റെ കാൽപാദത്തിൽ ക്രൂരമായി മർദ്ദിക്കുകയായിരുന്നു ഇതോടെ ബോധരഹിതനായ സുരേശൻ പിറ്റേദിവസം രാവിലെ ബോധമുണർന്നപ്പോൾ മകൾ ഹൃദ്യയെ വിളിക്കുകയായിരുന്നു. ഹൃദ്യ മംഗളൂരു റെയിൽവേ സ്റ്റേഷനിലും പൊലിസിലും വിവരമറിയിച്ചു. പോലിസാണ് റെയിൽവേ സ്റ്റേഷനിൽ സുരേശനെ അവശനിലയിൽ കണ്ടെത്തിയത്. പിന്നീട് ഹൃദ്യ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് സുരേശനെ മംഗലാപുരം വെൻ്റ്ലോക്ക് ആശുപത്രിയിലാക്കി.ഭാര്യ ജയശ്രീയും മകൾ ഹൃദ്യയും മംഗളൂരുവിൽ എത്തി സുരേശിനെ നാട്ടിലേക്ക് കൊണ്ടുവന്നു. എന്നാൽ പൊലിസ് മർദ്ദിച്ച കാര്യം സുരേഷ് ഭാര്യയോടും മകളോടും പറഞ്ഞിരുന്നില്ല. പിറ്റേ ദിവസം സുരേശന്റെ കാലുകൾനീര് വെക്കാൻ തുടങ്ങിയതോടെ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ കാണിച്ചപ്പോൾ വിദഗ്ദ ചികിത്സ തേടാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ കൊണ്ടുപോയത്. അവിടെ നിന്നാണ് സുരേശൻ പോലീസ് മർദ്ദിച്ച കാര്യം പറഞ്ഞത്. അപ്പോഴേക്കും കാലിൻ്റെ മസിൽ തകർന്ന് ഗുരുതരാവസ്ഥയിലായിരുന്നു തുടർന്നാണ് കാല് മുറിച്ചുമാറ്റേണ്ടി വന്നത്. ഇതേ തുടർന്ന് ബന്ധുക്കൾസുരേഷിന്റെ പിതൃ സഹോദരി പുത്രനായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പി വി ദിനേശനുമായി ബന്ധപ്പെട്ടു.ദിനേശിന്റെ നിർദ്ദേശപ്രകാരം ബന്ധുക്കൾ നൽകിയ പരാതിയിൽ മംഗ്ലൂരു പൊലിസ് കേസെടുത്തിട്ടുണ്ട്.
