നീലേശ്വരം : അനധികൃത മത്സ്യ ബന്ധനം നടത്തിയ കർണ്ണാടക ബോട്ട് കാസർക്കോട് ഫിഷറിസ് വകുപ്പ് പിടികൂടി 2.5 ലക്ഷം പിഴയീടാക്കി . കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പ്,കോസ്റ്റൽ പൊലിസ് , മറൈൻ എൻഫോഴ്സ്മെൻ്റ്, എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല പെട്രോളിംഗിലാണ് കർണാടക ബോട്ട് പിടികൂടി പിഴ ഈടാക്കിയത്.
കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് തീരത്ത് നിന്ന് 4 നോട്ടിക്കൽ മൈലിനുള്ളിൽ തീരത്തോട് ചേർന്ന് രാത്രിക്കാല ട്രോളിങ്ങ് നടത്തുമ്പോഴാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം ബോട്ട് പിടികൂടിയത്. കർണാടക ഉടുപ്പിയിൽ നിന്നുള്ള സീ ഡയമണ്ട് ബോട്ടാണ് പിടികൂടി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബ് പിഴ വിധിച്ചത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ തസ്നിമ ബീഗത്തിൻ്റെ നിർദ്ദേശ പ്രകാരം കുമ്പള മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസറായ ഷിനാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്.മറൈൻ എൻഫോഴ്‌സ്മെൻ്റ് വിംഗിലെ കെ.വി ശരത്ത് കുമാർ, തൃക്കരിപ്പൂർ കോസ്റ്റൽ പൊലിസ് സ്റ്റേഷനിലെ രതീഷ് ബേക്കൽ കോസ്റ്റൽ പൊലിസ് സ്റ്റേഷനിലെ രതീഷ് കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സി.സുമേഷ്,റെസ്ക്യു ഗാർഡ്മാരായ മനു, സേതുമാധവൻ, അജീഷ് കുമാർ, ശിവകുമാർ, സ്രാങ്ക് ഷൈജു എഞ്ചിൻ ഡ്രൈവർ കണ്ണൻ എന്നിവരും ബോട്ട് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കേരള തീരത്ത് അനധികൃത മത്‍സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് കാസർകോട് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.