ചട്ടംചാൽ: പെൻഷൻകാരുൾപ്പെടെയുള്ള സാമാന്യ ജനങ്ങളോടുള്ള തികഞ്ഞ നീതി നിഷേധത്തിൻ്റെ ഫലം പിണറായി സർക്കാർ അനുഭവിച്ചു കഴിഞ്ഞെന്നും, അടിത്തട്ടിലുള്ള ജനവിഭാഗങ്ങളോടുള്ള ക്രൂരത തുടർന്നാൽ ഇതിലും വലിയ തിരിച്ചടിയാണ് ഇടതു സർക്കാരിനെ കാത്തു നിൽക്കുന്നതെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോ സിയേഷൻ ജില്ലാ പ്രസിഡണ്ട് പി.സി.സുരേന്ദ്രൻ നായർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ പെൻഷൻ പരിഷ്ക്കരണ ആനുകൂല്യങ്ങളും, 2021 മുതലുള്ള 19% ക്ഷാമാശ്വാസ കുടിശ്ശികകളും കൊടുത്തു തീർക്കുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭാ വാഗ്ദാനം മുഖവിലക്കെടുക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ പെൻഷൻ -ക്ഷാമാശ്വാസ കുടിശ്ശികകൾ വിതരണം ചെയ്യാൻ ഉത്തരവിറക്കിയിട്ടും അത് നൽകാത്ത സർക്കാരിൻ്റെ ഇപ്പോഴത്തെ വീമ്പു പറച്ചൽ വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരേണ്ട 12-ാം പെൻപരിഷക്കരണം, കമ്മീഷൻ എന്നിവ സംബന്ധിച്ച് ഒന്നും ഉരിയാടാത്ത സർക്കാരിൽ നിന്നും പെൻഷൻകാർ നീതി പ്രതീക്ഷിക്കുന്നില്ല. ഉദുമ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നവാഗതർക്കുള്ള വരവേൽപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡണ്ട് വി.ദാമോധരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.കെ. ദിവാകരൻ, പി.പി. ബാലകൃഷ്ണൻ,കുഞ്ഞിക്കണ്ണൻ കരിച്ചേരി, സി. അശോക് കുമാർ, ബാബു മണിയങ്ങാനം, കെ.വി. ഭക്തവൽസലൻ, കെ.പി. സുധർമ്മ, കെ. ശൈലജകുമാരി,ഏ. ദാമോധരൻ, എം.ഗീത, കെ.ബി. ശ്രീധരൻ, എൻ. കനകവല്ലി , കെ.വി.വിജയൻ, സി.കെ. വേണു എന്നിവർ പ്രസംഗിച്ചു.