
നീലേശ്വരം: നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ ജീവനക്കാരൻ കരിന്തളം കൊല്ലമ്പാറയിലെ സെബാസ്റ്റ്യന്റെ മരണത്തിനിടയാക്കിയ വാഹനം നീലേശ്വരം പൊലിസ് ഇൻസ്പെക്ടർ നിബിൻ ജോയി കസ്റ്റഡിയിലെടുത്തു വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു. തെയ്യം കനാകാരനായ കരിന്തളം കൊല്ലംപാറ തലയടുക്കത്തെ ശശിയുടെ മകൻ പി കെ വിഷ്ണുപ്രസാദ് (26) നെയാണ് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ച കെ എൽ 79 എ 26 74 നമ്പർ മാരുതി ഇക്കോ വാനും കസ്റ്റഡിയിലെടുത്തു . ബുധനാഴ്ച രാത്രിയാണ് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സെബാസ്റ്റ്യനെ മഞ്ഞളങ്ങാട്ട് വെച്ച് അജ്ഞാത വാഹനം ഇടിച്ച് നിർത്താതെ പോയത്. തുടർന്ന് നീലേശ്വരം പൊലിസ് ഇൻസ്പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത് . നീലേശ്വരം കണിച്ചിറയിൽ തെയ്യംകെട്ട് കഴിഞ്ഞ് വിഷ്ണുപ്രസാദും പിതാവ് ശശിയും വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴാണ് ഇവർ സഞ്ചരിച്ച വാഹനം സെബാസ്റ്റ്യനെ ഇടിച്ചു വീഴ്ത്തിയത് വിഷ്ണുപ്രസാദ് ആണ് വാഹനം ഓടിച്ചിരുന്നത്. പിതാവ് ശശിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിനിടയാക്കിയ വാഹനം.