സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ശനിയാഴ്ച വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
തൃശൂരിലാണ് ഈ ദിവസങ്ങളില്‍ ഏറ്റവുമധികം ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തൃശൂരിൽ ഉയർന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയാകാമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ടയിൽ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാം.
ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയാകാമെന്നാണ് മുന്നറിയിപ്പ്.
ചൂട് ഉയരുന്നതിനാല്‍ തന്നെ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ചൂട് കൂടുന്ന മണിക്കൂറുകളില്‍ നേരിട്ട് വെയിലേല്‍ക്കുന്ന രീതിയിലുള്ള ജോലി, യാത്രകള്‍ എന്നിവ ഒഴിവാക്കുന്നതാണ് ഉചിതം.
അതേസമയം, മഴ സാധ്യതാ മുന്നറിയിപ്പും കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് മുതൽ മാർച്ച് 30 വരെ അഞ്ച് ദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മഴ മുന്നറിയിപ്പിൽ നാല് ജില്ലകളിലാണ് മഴ സാധ്യത പ്രവചിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ പെയ്യാനുള്ള സാധ്യതയുള്ളത്.