
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിലാണ് ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്. 10 ജില്ലകളിൽ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ താപനില 39°C വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലും താപനില ഉയർന്നേക്കും. കഴിഞ്ഞ ദിവസം കണ്ണൂർ എയർപോർട്ടിൽ രേഖപെടുത്തിയ 40.4°c ഫെബ്രുവരിയിൽ ഇതുവരെ രേഖപെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായിരുന്നു. 1975 (ഫെബ്രുവരി 8) പുനലൂരിൽ ( 40.1°c) 1981 ( ഫെബ്രുവരി 28) പാലക്കാട് ( 40°c) ആണ് ഇതിനു മുൻപ് ഫെബ്രുവരിയിൽ രേഖപെടുത്തിയ ഉയർന്ന താപനില.
ഫെബ്രുവരി അവസാനം, മാർച്ച് തുടക്കത്തിൽ മധ്യ തെക്കൻ കേരളത്തിൽ വേനൽ മഴ ചെറുതായി ലഭിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ താപനിലയിൽ ചെറിയ ആശ്വാസം ലഭിക്കും. ജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ പ്രശ്നങ്ങൾ സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.
11 മുതല്‍ 3 വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ഏല്‍ക്കുന്നത് ഒഴിവാക്കുക
ദാഹമില്ലെങ്കിലും പരമാവധി വെള്ളം കുടിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തുക