The Times of North

റേഷന്‍ വ്യാപാരികളുടെ സമരം നേരിടാന്‍ സര്‍ക്കാര്‍; ഉച്ചയ്ക്ക് ശേഷം തുറക്കാത്ത റേഷൻ കടകൾക്ക് എതിരെ നടപടി: മന്ത്രി ജി ആർ അനിൽ

അനിശ്ചിതകാല സമരം നടത്തുന്ന റേഷൻ വ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽകുമാർ റേഷൻ വ്യാപാരികളെ ചർച്ചക്ക് വിളിച്ചു. ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം കൊടുക്കാനുള്ള നടപടി എല്ലാം സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍. റേഷന്‍ വ്യാപാരികളുടെ സമരത്തെ നോക്കിക്കണ്ട് അനുസൃതമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ കടകള്‍ ഏറ്റെടുക്കുമെന്നും ആവശ്യമുള്ള കേന്ദ്രങ്ങളില്‍ മൊബൈല്‍ വാഹനങ്ങളില്‍ ഭക്ഷ്യധാന്യം എത്തിക്കുമെന്നും ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.

‘റേഷന്‍ വ്യാപാരികളുടെ ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. വേതന വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങളിലും പരിഹാരം കണ്ടിട്ടുണ്ട്. സര്‍ക്കാരിന്റെ പരിഗണന ബാധ്യത ജനങ്ങളോടാണ്. സമരക്കാരോട് ഒരു ശത്രുതയും ഇല്ല. വേതന പരിഷ്‌കരണത്തിന് കുറച്ച് സമയം വേണം. സമയമെടുത്ത് പരിഹാരം കണ്ടെത്താം എന്നാണ് പറഞ്ഞത്’, മന്ത്രി പറഞ്ഞു.

സമരക്കാരെ ശത്രുപക്ഷത്ത് നിര്‍ത്താനുള്ള ഒരു ശ്രമവുമില്ലെന്ന് ജി ആര്‍ അനില്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് മുന്നോട്ട് വന്നാല്‍ അതിനു തയ്യാറാണെന്നും ചര്‍ച്ചയ്ക്കുള്ള വാതില്‍ തുറന്നുകിടക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുക എന്നതാണ് അവരുടെ പ്രാഥമിക കടമയെന്നും അത് ചെയ്തില്ലെങ്കില്‍ കടകള്‍ ഏറ്റെടുക്കേണ്ടി വരുമെന്നും മന്ത്രി ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഭക്ഷ്യവകുപ്പും വ്യാപാരികളുമായുള്ള ചര്‍ച്ച 12 മണിക്കാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അടിയന്തര സമവായ ചര്‍ച്ച. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്നും ചര്‍ച്ചയില്‍ സമവായം ആയില്ലെങ്കില്‍ കടകള്‍ ഏറ്റെടുക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികളാണ് ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നത്. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് റേഷന്‍ വ്യാപാരി സംഘടനകളുടെ നിലപാട്. ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനല്‍കിയാല്‍ സമരം പിന്‍വലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം.

Read Previous

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍; വർധനവ് പത്തു രൂപ മുതൽ 50 രൂപ വരെ

Read Next

മികവ് തെളിയിച്ചവരെ ബാനം നെരുദ വായനശാല അനുമോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73