
മംഗൽപാടി: ആശാവർക്കേഴ്സ് കോൺഗ്രസ് 2019 മുതൽ നൽകിവരുന്ന ആശാവർക്കർമാരുടെ അവകാശ പത്രികയിൽ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ഉടൻ തീരുമാനം കൈക്കൊള്ളണമെന്ന് ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് അർജുനൻ തായലങ്ങാടി ആവശ്യപ്പെട്ടു. ആശാവർക്കർമാരുടെ അവകാശ പത്രിക അംഗീകരിക്കണമെന്നാ വശ്യപ്പെട്ട് 2019 മുതൽ ഐ എൻ ടി യു സി നടത്തിവരുന്ന സമരത്തിന്റെ തുടർ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പഞ്ചായത്ത് തല സമരം മഞ്ചേശ്വരത്തെ മംഗൽപാടി പഞ്ചായത്തിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019ൽ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിക്കും 2023ൽ മുഖ്യമന്ത്രിക്കും 2025ൽ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ഇത് സംബന്ധിച്ചു ഐ എൻ ടി യു സി നൽകിയ അവകാശ പത്രികയിൽ തീരുമാനമെടുക്കാതെ ആശാവർക്കർമാരോട് വഞ്ചനാപരമായ സമീപനമാണ് കേരളം ഭരിക്കുന്ന പിണറായി സർക്കാർ കൈക്കൊള്ളുന്നത്. തൊഴിലാളി വർഗ്ഗത്തിന്റെ സംരക്ഷകരായ സി പി എം അധികാരത്തിലെത്തിയപ്പോൾ അടിസ്ഥാന ജനവിഭാഗമായ ആശാവർക്കർമാർ ഉൾപ്പെടെയുള്ള തൊഴിലാളി വിഭാഗത്തി ന്റെ ചൂഷകരായി മാറിയിരിക്കുകയാണ്. ഓണറേറിയം എന്ന മധുരപൊതി കാണിച്ച് ആശാവർക്കർമാരെ പറ്റിക്കാതെ അവരെ സർക്കാർ ജീവനക്കാരായി പരിഗണിച്ച്ആരോഗ്യവകുപ്പ് ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും നൽകി പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ ഇടതുപക്ഷ സർക്കാറിനെതിരെയുള്ള കൊടുങ്കാറ്റായി സമരം മാറുമെന്നും അർജുനൻ മുന്നറിയിപ്പ് നൽകി. ലക്ഷ്മണൻ കേതകദടി അധ്യക്ഷത വഹിച്ചു. ഷാജി എൻ. സി,വി പി മഹാരാജൻ,കമറുദീൻ പാടലട്ക്ക, മുഹമ്മദലി ഏരിയാൽ, മേഴ്സി കുമ്പള, ജെസ്സി അനിൽ, പുഷ്പലത ബന്ദിയോട്, വിജയ എസ്. കെ, സന്തോഷ് പഞ്ചതൊട്ടി, പത്മനാഭ, യാകൂബ്,പീറ്റർ ഡി സൂസ എന്നിവർ പ്രസംഗിച്ചു.സായിറാ ബാനു സ്വാഗതവും, സദർ ഹുസൈൻ നന്ദിയും പറഞ്ഞു.