വിനോദ സഞ്ചാര മേഖല കോവിഡ് പ്രതിസന്ധി മറികടന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് മഹാമാരികാലത്ത് വിനോദ സഞ്ചാര മേഖലയില്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ റിവോള്‍വിങ് ഫണ്ട് പാക്കേജ്, ടൂറിസം എംപ്ലോയ്‌മെന്റ് സപ്പോര്‍ട്ട് സ്‌കീം, ടൂറിസം ഹൗസ്‌ബോട്ട് സര്‍വ്വീസ് സ്‌കീം എന്നിങ്ങനെ വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി. അവയെല്ലാം ഫലം കണ്ടു എന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ കാര്യത്തില്‍ 2024ന്റെ ആദ്യ ആറ് മാസങ്ങളില്‍ തന്നെ ഒന്നര കോടിയോളം വിനോദ സഞ്ചാരികള്‍ കേരളത്തിലെത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കേരളത്തിന്റെ ഉത്തര വാദത്ത ടൂറിസം പദ്ധതി, ബയോഡൈവേഴ്‌സിറ്റി പദ്ധതികള്‍, നോര്‍ത്ത് മലബാര്‍ ടൂറിസം സര്‍ക്യൂട്ട്,പില്‍ഗ്രിം ടൂറിസം, ഹെറിറ്റേജ് ടൂറിസം ഇവയെല്ലാംവളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗേറ്റ്വേ ബേക്കല്‍ പ്രീമിയര്‍ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ബേക്കല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പദ്ധതിക്ക് കീഴിലാണ് റിസോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 1995ല്‍ ബി.ആര്‍. ഡി.സി രൂപീകരിക്കുന്നതിന് മുന്‍പ് 50000 സഞ്ചാരികള്‍ എത്തികൊണ്ടിരുന്ന ബേക്കലില്‍ ഇന്ന് അഞ്ച് ലക്ഷത്തില്‍ അധികം ആളുകള്‍ എത്തുന്നുണ്ടെന്ന് മുഖ്യ മന്ത്രി പറഞ്ഞു. ബേക്കല്‍ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് 32 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 150 കോടിയുടെ നിക്ഷേപമാണ് ഇത്. ഫെബ്രുവരിയില്‍ നടക്കാന്‍ പോകുന്ന ഇന്‍വെസ്റ്റേഴ്സ് മീറ്റി ലേക്ക് വ്യവസായ പ്രമുഖരെ മുഖ്യമന്ത്രി ക്ഷണിച്ചു.
ആഭ്യന്തര വരുമാനത്തിന്റെ 10 ശതമാനത്തില്‍ അധികം വിനോദ സഞ്ചാരമേഖലയില്‍ നിന്നാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ ഉള്ള സംസ്ഥാനമായി കേരളം മാറി. ഹോസ്പിറ്റാലിറ്റിയും വിനോദ സഞ്ചാര മേഖലയും തമ്മില്‍ വലിയ ബന്ധമാണുള്ളത്.