നീലേശ്വരം: നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന നീണ്ടകാലത്തെ ആവശ്യത്തിന് പ്രതീക്ഷ നൽകി സർക്കാർ ഉത്തരവ്. നീലേശ്വരം താലൂക്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാൻ സർക്കാർ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ഇതിൻറെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ അഭിപ്രായം സ്വരൂപിക്കാൻ കലക്ടർ ഹൊസ്ദുർഗ് തഹസിൽദാരോട് നിർദ്ദേശിച്ചിട്ടുണ്ട്. അടുത്ത് നടക്കുന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യാൻ അജണ്ടയിൽ ഉൾപ്പെടുത്തിയേക്കും.പതിറ്റാണ്ടുകൾ ഓളം പഴക്കമുള്ളതാണ് നീലേശ്വരം ആസ്ഥാനമായി താലൂക്ക് വേണമെന്നത്.കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് മത്സരിച്ചു ജയിച്ച നീലേശ്വരം മണ്ഡലത്തിന്റെ ഓർമ്മ നിലനിർത്താൻ നീലേശ്വരം താലൂക്ക് രൂപീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതിനായി താലൂക്ക് താലൂക്ക് രൂപീകരിക്കുന്നതിനെ കുറിച്ച് പഠിക്കാൻ അദ്ദേഹം കമ്മീഷനിൽ ചെയ്തിരുന്നു.
പിന്നീട് കാസർകോട് ജില്ല രൂപീകരിക്കുമ്പോൾ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും നീലേശ്വരം താലൂക്ക് രൂപീകരിക്കുമെന്ന് വാഗ്ദാനം നൽകുകയുണ്ടായി . എന്നാൽ ഈ വാഗ്ദാനങ്ങൾ ഒന്നും നടപ്പായില്ല. ജില്ല രൂപീകരണ വേളയിൽ സര്‍വ്വകക്ഷി ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ ആഹ്വാനം ചെയ്തിരുന്നെങ്കിലും മുഖ്യമന്ത്രി നൽകിയ ഉറപ്പിനെ തുടർന്നാണ് പ്രക്ഷോഭ രംഗത്ത് നിന്നും പിന്മാറിയത്. ജില്ലാ രൂപീകരിക്കുമ്പോൾ കാസർകോട്, ഹോസ്ദുർഗ് എന്നീ രണ്ട് താലൂക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് മഞ്ചേശ്വരത്തും വെള്ളരിക്കുണ്ടിലും താലൂക്ക് രൂപീകരിച്ചപ്പോഴും നീലേശ്വരം താലൂക്ക് എന്ന ആവശ്യം അവഗണിക്കപ്പെടുകയായിരുന്നു. നീലേശ്വരം ആസ്ഥാനമായി താലൂക്ക് അനുവദിക്കണമെന്ന് നാലു കമീഷനുകള്‍ സർക്കാരിന് റിപ്പോര്‍ട്ട് നൽകിയെങ്കിലും മാറി മാറി വന്ന സർക്കാരുകൾ ഈ റിപ്പോർട്ടിനെ അവഗണിക്കുകയായിരുന്നു. ഇപ്പോൾ നീലേശ്വരം താലൂക്ക് രൂപീകരിക്കുന്നതിന് കുറിച്ച് അഭിപ്രായം തേടാൻ സർക്കാർ നിർദ്ദേശിച്ചത് പ്രതീക്ഷ നൽകിയിട്ടുണ്ട്.