സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട് നീലേശ്വരം കോട്ടപ്പുറം സ്വദേശി ഉൾപ്പെടെ രണ്ടുപേരെ കാറിൽ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് വധിക്കാൻ ശ്രമം. ബേക്കൽ പോലീസ് ഇൻസ്പെക്ടർ കെ പി ഷൈനിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇരുവരെയും പോലീസ് നാടകീയമായി രക്ഷപ്പെടുത്തി. സംഭവത്തിൽ ആറു പേരെ ബേക്കൽ ഇൻസ് പെക്ടർ കെ.പി. ഷൈനും സംഘവും കസ്റ്റഡിയിൽ എടുത്തു . നീലേശ്വരം കോട്ടപ്പുറം കോട്ടയിൽ ഹൗസിൽ ടി പി അബ്ദുൽ റഹ്മാന്റെ മകൻ ഷെരീഫ് ഇടക്കാവിൽ , കോട്ടയം കാഞ്ഞിരപ്പള്ളി ഇരു പത്തി ആറാം മൈൽ . തട്ടാപറമ്പ് ടി.എസ് മണിയുടെ മകൻ ടി എം സജി (40) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചത്.ഇതുമായി ബന്ധപ്പെട്ട് പനയാൽ സ്വദേശികളായ സൽമാൻ , ഹംസ, മജീദ്, അപ്പാച്ചു , പച്ചു , റംഷി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഇവരെ ഇന്നുതന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. പഴയ സ്വർണം വാങ്ങാനാണ് സജിയും ഷെരീഫും ഇടനിലക്കാറായി സൽമാനുമായി കർണാടകയിലെ ബൽഗാമിൽ എത്തിയത്. അവിടെ നിന്നും സ്വർണം വാങ്ങാനായി 7 ലക്ഷം രൂപ രണ്ടുപേർക്ക് കൈമാറി ഉടൻതന്നെ ബൈക്കിലെത്തിയ രണ്ട് പേർ സജിയെയും ഷെരീഫിനെയും സൽമാനെയും ഇരുമ്പു കൊണ്ട് തലക്കടിച്ചു വീഴ്ത്തി പണവുമായി രക്ഷപ്പെട്ടു. തുടർന്ന് അവിടെ നിന്നും ബസ്സിൽ മംഗലാപുരത്ത് എത്തിയ മൂന്നു പേരെയും കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയും പെരിയാട്ടടുക്കത്തെ മുറിയിൽ പൂട്ടിയിട്ട് ഷെരീഫിനെയും സജിയെയും ഇരുമ്പ് വടി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ക്രൂരമായി ആക്രമിക്കുകയായിരുന്നു. തങ്ങൾക്ക് നഷ്ടപ്പെട്ട പണം തിരിച്ചു നൽകിയില്ലെങ്കിൽ കൊല്ലും എന്നായിരുന്നു ഇവരുടെ ഭീഷണി.എന്നാൽ ഇവരെ തടങ്കലിൽ വച്ച് ക്രൂരമായി മർദിക്കുന്നതായി ബേക്കൽ ഇൻസ്പെക്ടർ കെ പി ഷൈനിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ എസ് ഐ ബാവ അക്കരക്കാരനും സംഘവും പെരിയാട്ടടുക്കത്ത് എത്തി ഇവരെ മോചിപ്പിക്കുകയും പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്തിയ സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ് അനിൽകുമാർ ഡ്രൈവർ സജേഷ് എന്നിവരും ഉണ്ടായിരുന്നു.