ഉദിനൂർ: മംഗലംകളിയുടെ നാട്ടിൽ നിന്നും ഹൈസ്‌കൂൾ വിഭാഗത്തിൽ ബാനം ഗവ.ഹൈസ്‌കൂൾ സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹതനേടി. എട്ടു ടീമുകളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. കാസർകോട് ജില്ലയിലെ മാവില – മലവേട്ടുവ സമുദായത്തിന്റെ തനതുകലാരൂപമായ മംഗലംകളി ഇത്തവണയാണ് കലോത്സവ മാന്വലിൽ ഉൾപ്പെടുത്തിയത്. തുടി താളത്തിനും പാട്ടിനുമൊത്ത് ചുവടുവച്ച് മത്സരാർത്ഥികൾ കാണികളുടെ മനം കവർന്നു. ഇരു സമുദായങ്ങളുടേയും ചുവടുകളും പാട്ടുകളും ചേർത്തായിരുന്നു അവതരണം. സുനിൽ ബാനം, സുനിതസുനിൽ എന്നിവരാണ് പരിശീലകർ. രാത്രി ഏറെ വൈകി നടന്ന മത്സരം കാണാൻ നിറഞ്ഞ സദസായിരുന്നു ഉണ്ടായിരുന്നത്.