കരിവെള്ളൂർ : ഇടിയും മിന്നലിലും ദേശീയ പാതയിൽ കണിയാട്ടി മുക്കിന് കിഴക്ക് ഭാഗത്ത് ആണുർ സെൻട്രൽ റോഡിലുള്ള നാലു വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഇന്നലെ വൈകീട്ട് ആണ് സംഭവം. മടക്കരയിൽ ബേക്കറി നടത്തുന്ന ജയൻ്റെ വീട്ടിനാണ് സാരമായ കേടുപാടുകൾ ഉണ്ടായത്. ഒന്നാം നിലയിലാണ് കുടുംബം താമസിക്കുന്നത്. ഭാര്യ ഗീതു മക്കളായ ഗൗതം (12) ദ്രുവിക (5) എന്നിവരോടൊപ്പം ഇളമ്പച്ചിയിലുള്ള വീട്ടിൽ പോയതു കാരണം വലിയ അപകടമാണ് ഒഴിവായത്. വീട്ടിലേക്കുള്ള സർവീസ് വയർ മുഴുവനും കത്തി. വീടിനോട് ചേർന്നുള്ള തെങ്ങിൻ്റെ മുകൾ ഭാഗം മുഴുവനായും കത്തി. ഇടിയുടെ ആഘാതത്തിൽ ഇലക്ടിക് വയറിംഗ് കത്തി നശിച്ചു.മീറ്റർ ബോക്സ് പൊട്ടിത്തെറിച്ചു. ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടു പാടു സംഭവിച്ചു. തൊട്ടടുത്ത കെ.പി. ഭാസ്ക്കരൻ, കെ.പി. അച്ചുതൻ, കെ.പി. രാഘവൻ എന്നിവരുടെ വീടുകളിലെ വൈദ്യുത ഉപകരണങ്ങൾക്കും കേടു പാട് സംഭവിച്ചു.