തിരുവനന്തപുരം: വർക്കലയിൽ ഭക്ഷ്യ വിഷബാധയേറ്റ് 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ടെമ്പിൾ റോഡിലെ സ്‌പൈസി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കുഴിമന്തിയും അൽഫാമും കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രി ഭക്ഷണം കഴിച്ചവർക്കാണ് പല തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുടുംബത്തിലെ 9 പേർ ഉൾപ്പെടെ 21 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്. കുഴിമന്തി, അൽഫാം ഉൾപ്പെടെ ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് പ്രശ്നമുണ്ടായത്. സംഭവത്തെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന് ഹോട്ടൽ സീൽ ചെയ്തു. അതേസമയം, ആരുടേയും നില ഗുരുതരമല്ല. എന്നാൽ കുട്ടികൾ ഉൽപ്പെടെയുള്ളവർ ചികിത്സയിലാണ്.