നീലേശ്വരം അഴിത്തലയിൽ നിർത്തിയിട്ടിരുന്ന ഫിഷറീസ് വകുപ്പിന്റെ സുരക്ഷാ ബോട്ടിന് നേരെ ആക്രമണം. ബോട്ടിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പരിക്കേറ്റു. ബോട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ 30 പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. അഴിത്തലയിൽ ഇന്നലെയാണ് സംഭവം. കണ്ടാലറിയാവുന്ന 30 പേർ ബോട്ടിലേക്ക് അതിക്രമിച്ചു കയറിയെന്നാണ് പരാതി. ബോട്ടിലുണ്ടായിരുന്ന ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആലപ്പുഴ തത്തംപള്ളി കറുകരയിലെ ഷിനാസ് (30), മറൈൻ എൻഫോർസ് സ്മെൻ്റിലെ പൊലീസ് ഉദ്യോഗസ്ഥൻ വിനോദ് റസ്ക്യൂ ഗാർഡ് മനു എന്നിവരെ മർദ്ദിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസപെടുത്തുകയും ജി.പി.എസ് എക്കോ സൗണ്ട് , രണ്ട് വയർലസ് സെറ്റുകൾ എന്നിവ നശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഉപകരണങ്ങൾ നശിപ്പിച്ചതിൽ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഫിഷറീസ് വകുപ്പിൻ്റെ ബോട്ടിനോട് ചേർന്ന് മറ്റ് ബോട്ടുകൾ കെട്ടിയിടുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.