നീലേശ്വരം വെടിക്കെട്ട് അപകട കേസിൽ കീഴ് കോടി നൽകിയ പ്രതികൾക്ക് വാറണ്ട് പുറപ്പെടുവിക്കാൻ കാസർകോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.
നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോട നുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകട കേസിലെ പ്രതികളായ ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ കെ.ടി ഭരതൻ, എന്നിവർക്ക് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യമാണ് ജില്ലാ സെഷൻസ് കോടതി റദ്ദാക്കി പ്രതികൾക്ക് വാറണ്ട് പുറപ്പെടുവിക്കാൻ കീഴ്കോടതിക്ക് നിർദ്ദേശം നൽകിയത്. നേരത്തെ അറസ്റ്റിലായ ക്ഷേത്രഭാരവാഹികൾക്കും തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രാജേഷിനുമാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രം ഭാരവാഹികൾ ജാമ്യത്തിലിറങ്ങിയിരുന്നു. പിന്നീട് രാജേഷിനെ ജയിലിൽ നിന്നും പുറത്തിറക്കരുതെന്ന് ഉത്തരവിട്ട കോടതി ജാമ്യത്തിലിറങ്ങിയവരോട് കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയക്കുകയും ചെയ്തു. ഇന്ന് ജില്ലാ സെഷൻസ് കോടതി കേസ് പരിഗണിച്ചപ്പോൾ ജാമ്യത്തിലിറങ്ങിയ പ്രതികൾ ഹാജരായില്ല. തുടർന്നാണ് ഇവർക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാൻ കീഴ്കോടതിക്ക് നിർദ്ദേശം നൽകിയത്. കേസിൽ മറ്റൊരു പ്രതിയായ കൊട്രച്ചാലിലെ വിജയനും ജയിലിലാണ്.
ഈ കേസിൽ ഇപ്പോൾ അഞ്ചു പ്രതികൾ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത് .