ചെറുവത്തൂർ: പ്രശസ്ത സിനിമാതാരം വിജയരാഘവൻ കനൽ കാസർകോടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാട്ടിലെപാട്ട് നാടക ക്യാമ്പ് സന്ദർശിച്ചു. കലാസാംസ്കാരിക രംഗത്ത് പുതുമയുടെ ചാർത്തുകൾ എഴുതാൻ വേണ്ടി ആരംഭിച്ച ക്യാമ്പ് വലിയ ശ്രദ്ധ നേടിയിരുന്നു.
വിജയരാഘവന്റെ സാന്നിധ്യം ക്യാമ്പിലെ വിദ്യാർത്ഥികൾക്കും കലാപ്രേമികൾക്കും വലിയ പ്രചോദനമായി. തനിക്ക് കലാകാരനായും സിനിമ നടനായും കൈവരിച്ച നേട്ടങ്ങൾക്കുള്ള പ്രേരണക്ക് നാടകവും പാട്ടും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി വിജയരാഘവൻ, നാടകത്തിന്റെയും സംഗീതത്തിന്റെയും ചരിത്രത്തെ കുറിച്ചുള്ള അനുഭവങ്ങളും അറിവുകളും പങ്കുവെച്ചു. നാടക സംവിധായകൻ വിജേഷ് കാരി, കലാകാരൻമാർ, കുട്ടികൾ എന്നിവർ വിജയ രാഘവനോട് സംവദിച്ച് തങ്ങളുടെ സംശയങ്ങൾ ക്ലിയർ ചെയ്യുകയും അനുഭവങ്ങൾ പങ്കു വെക്കുകയും ചെയ്തു. കനൽ കാസർകോട് കലാപ്രവർത്തകരോട് അഭിനന്ദനവും വിജയാശംസയും അറിയിച്ചു.കനൽ കാസർഗോഡ് ചെയർമാൻ ബാലൻ മാണിയാട്ട്,കൺവീനർ രവീന്ദ്രൻ കൊടക്കാട്, ക്യാമ്പ് കോഡിനേറ്റർ സജീവൻ വെങ്ങാട്ട്, ക്യാമ്പ് ചെയർമാൻ സി. അമ്പുരാജ്, വി.പി.ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.