വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്ത് കൃഷിഭവൻ വഴി നടപ്പിലാക്കുന്ന നെൽകൃഷി വികസന പദ്ധതിയിൽ ഉൾപെടുത്തി ബളാൽ ഭഗവതി ക്ഷേത്ര പാടശേഖരത്തിൽ പൗർണ്ണമി നെൽവിത്ത് വിത്ത് വിതച്ചു.
ബളാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കർഷകനുമായ അബ്ദുൽ ഖാദർ പരിപാടി ഉൽഘാടനം ചെയ്തു.
ബളാൽ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പൽ പി.സക്കീർഹുസൈൻ അധ്യാപകരായ പ്രിൻസി സെബാസ്റ്റ്യൻ, ദീപ മാത്യു എന്നിവരുടെ നേതൃത്വത്തിൽ അൻപതോളം വരുന്ന എൻ എസ് എസ് വളണ്ടിയർമാർ വയലിൽ ഇറങ്ങി ഞാറ് നട്ടും കൃഷി രീതികൾ കണ്ട് മനസിലാക്കിയും കുട്ടികൾ മണ്ണിൻ്റെ മഹത്വവും കൃഷിയുടെ പ്രാധാന്യവും നേരിട്ട് അനുഭവിച്ചറിഞ്ഞു.
മൂന്നര ഹെക്ടറോളം വരുന്ന ബളാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൻ്റെ വയലിൽ പതിറ്റാണ്ടുകളായി കർഷകർ സംഘമായി ചേർന്ന് മാറി മാറി കൃഷി ചെയ്ത് വരുന്നുണ്ട്. ഇത്തവണ കർഷകരായ നാരായണൻ മാമ്പളം, വി.ശശി, സുധാകരൻ അരിങ്കൽ, തമ്പാൻനായർ, സേതുമാധവൻ എന്നിവർ ചേർന്നാണ് കൃഷി നടത്തുന്നത്.
പൗർണ്ണമി വിത്താണ് ഇത്തവണ വിതച്ചത്. 2021ൽ കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ ഈ നെൽവിത്ത് ഒരു ഹെക്ടറിൽ നിന്നും ഏഴായിരം മുതൽ ഏഴായിരത്തി അഞ്ഞൂറ് കിലോ നെല്ല് വരെ വിളവ് ലഭിക്കും എന്നതാണ് പ്രത്യേകത. കൂടാതെ ഈ നെല്ലിൻ്റെ ചോറ് ഏറെ സ്വാദിഷ്ഠവുമാണ്.
ആത്മ പദ്ധതിയിലും വിള ഇൻഷൂറൻസ് പരിരക്ഷയും ഉറപ്പാക്കി ബളാൽ പഞ്ചായത്തിൻ്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി കൃഷിഭവൻ വഴി കർഷകർക്ക് പരമാവധി പിന്തുണവും സഹായവും നൽകുമെന്ന് കൃഷി ഓഫീസർ നിഖിൽ നാരായണൻ പറഞ്ഞു.
പരിപാടിയിൽ ബളാൽ ഭഗവതി ക്ഷേത്ര പ്രസിഡൻ്റ് രാമചന്ദ്രൻ നായർ ആനക്കൽ സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ ശ്രീമതി അജിത അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ശ്രീമതി പത്മാവതി, ബളാൽ ഭഗവതി ക്ഷേത്ര സെക്രട്ടറി ദിവാകരൻ, കർഷരായ നാരായണൻ മാമ്പളം, സുധാകരൻ അരിങ്കൽ, തമ്പാൻനായർ, സേതു മാധവൻ, വി. ശശി തുടങ്ങിയവർ സംസാരിച്ചു.
കൃഷി അസ്സിസ്റ്റൻ്റ് ശ്രീഹരി വി നന്ദി പറഞ്ഞു.