കാഞ്ഞങ്ങാട്: സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുമുള്ള മുപ്പത്തിമൂന്ന് ചിത്രകാരന്മാരുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി ചിത്രകാർ കേരള സംഘടിപ്പിക്കുന്ന എകരം എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനനം കാഞ്ഞങ്ങാട് കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഡിസംബർ 22 മുതൽ ആരംഭിക്കും. എഴുത്തും വായനയുമറിയാത്ത 65ാം വയസ്സിൽ ചിത്രം വരച്ച് പ്രശസ്തയായ മലപ്പുറം സ്വദേശിനി പ്രശസ്ത ചിത്രകാരി കെ. സത്യഭാമ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത മുഖ്യാതിഥിയാവും. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരാണ് പ്രദർശനത്തിൻ്റെ കോഡിനേറ്റർ. വിവിധ മാധ്യമങ്ങളിലും ശൈലിയിലുമുള്ള സമകാലിക സംഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് പ്രദർശനത്തിലെ ചിത്രങ്ങൾ. ടി.ആർ ഉദയകുമാർ (കോട്ടയം), മിനിശർമ്മ (കോട്ടയം), ടിഎസ് പ്രസാദ് (ഏറ്റുമാനൂർ), മനോജ് വൈലൂർ (കൊച്ചി), നന്ദൻ പി വി (എറണാകുളം) ബിജിമോൾ കെസി(എറണാകുളം), വിനേഷ് വി മോഹനൻ (ആലപ്പുഴ), കെ.എം. നാരായണൻ (മലപ്പുറം), കെ വിഷ്ണുപ്രിയൻ (മലപ്പുറം), റജീന രാധാകൃഷ്ണൻ (കോഴിക്കോട്), ദിനേശ് നക്ഷത്ര (കോഴിക്കോട്), ബാലകൃഷ്ണൻ കതിരൂർ (കണ്ണൂർ), സ്മിത രതീഷ് (പയ്യന്നൂർ), കാസർഗോഡ് ജില്ലക്കാരായ വിപിൻ വടക്കിനിയിൽ, സനിൽ ബങ്കളം, അനീഷ് ബന്തഡുക്ക, പ്രസാദ് കാനത്തുങ്കാൽ, രാംഗോകുൽ പെരിയ, അനൂപ് മോഹൻ, അരവിന്ദാക്ഷൻ സദ്ഗമയ, ആദർശ് കെ, രതീഷ് കെ.പി, രാജേന്ദ്രൻ മിങ്ങോത്ത്, സൗമ്യബാബു, സജിത പൊയ്നാച്ചി, സുചിത്രമധു, ശ്വേത കൊട്ടോടി, ശ്രീഷ അരവിന്ദ്, അഞ്ജന തെക്കിനിനിയിൽ, ലിഷ ചന്ദ്രൻ, വിജിരാജൻ, രാജേന്ദ്രൻ പുല്ലൂർ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഡിസംബർ 26 വരെ നീണ്ടു നിൽക്കുന്ന പ്രദർശനം രാവിലെ പത്തു മുതൽ വൈകുന്നേരം ആറുമണി വരെ പൊതുജനങ്ങൾക്ക് സൗജന്യമായി കാണാം.