പലതരം തട്ടിപ്പുകളിലൂടെ വിദ്യാസമ്പന്നരായ ഉപഭോക്താക്കളാണ് കൂടുതൽ കബളിപ്പിക്കപ്പെടുന്നതെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ഉപഭോക്തൃ അവകാശങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം വ്യാപകമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിൽനിന്ന് വ്യക്തമാക്കുന്നതെന്നും എംഎൽഎ പറഞ്ഞു. ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുകയാണ്. ഓൺലൈൻ മാർക്കറ്റിങ്ങിൽ ഉൾപ്പെടെ ചൂഷണം നടക്കുകയാണ് .തനിക്ക് ഉപഭോക്തൃ കോടതിയിൽ നിന്ന് അനുകൂലമായ വിധി ഉണ്ടായെങ്കിലും ഇതുവരെ വിധി നടപ്പിലായിട്ടില്ല. ഉപഭോക്തൃ കോടതികളിൽ നിന്നും വിധിക്കുന്ന പിഴശിക്ഷ യഥാസമയം നടപ്പാക്കുന്നതിനുള്ള നടപടികൾ അനിവാര്യമാണെന്നും എംഎൽഎ പറഞ്ഞു.
പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ് ദേശീയ ഉപഭോക്തൃഅവകാശ ദിനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ . ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് കെ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാസർഗോഡ് ബാർ അസോസിയേഷൻ പ്രസിഡണ്ട് മണികണ്ഠൻ നമ്പ്യാർ, , ജില്ലാ സപ്ലൈ ഓഫീസർ കെ എൻ ബിന്ദു സംസാരിച്ചു. സൈബർ എസ് ഐ പി .കെ. അജിത് ഉപഭോക്താക്കൾക്ക് വേണ്ടി ഉത്തരവാദിത്തം ഉള്ളതും നീതിപൂർവ്വവും ആയ നിർമ്മിത ബുദ്ധി എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അസിസ്റ്റൻറ് രജിസ്റ്റർ എം ജയപ്രകാശ് സ്വാഗതവും
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മീഡിയേഷൻ നോഡൽ ഓഫീസർ പി വി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.