കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിൽ സ്വകാര്യ ആശുപത്രിക്ക് വടക്ക് ഭാഗത്ത് നടപ്പാതയോട് ചേർന്ന് കിടക്കുന്ന രണ്ട് ഏക്കറോളം വരുന്ന വയൽ മണ്ണിട്ട് നികത്തിയതിനെതിരെ നാട്ടുകാരുടെ പ്രക്ഷോഭം.റെഡ് ബേബിസ് വായനശാലയുടെയും ഡി.വൈ.എഫ്.ഐ മാതോത്ത് യൂണിറ്റിലെയും പ്രവർത്തകർ ഞായറാഴ്ച രാത്രി സ്ഥലത്ത് കൊടി കുത്തി പ്രതിഷേധിച്ചു.
മഴക്കാലത്ത് വെള്ളം കയറുന്ന നിരവധി വീടുകൾ വയലിന് അപ്പുറമുണ്ട്. അടുക്കളയിൽ വരെ വെള്ളം കയറുകയും ചട്ടിയും പാത്രങ്ങളും ഒലിച്ചു പോകാറുണ്ട്. മണ്ണിട്ട് നികത്തിയതോടെ ഇവിടെ ഒരു വീട്ടുകാർക്കും താമസിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും.റോഡ് സൈഡിൽ കെട്ടിയ കാർ വിൽപ്പന പന്തലിന്റെ മറവിലാണ് അതീവ രഹസ്യമായി സ്ഥലത്ത് മണ്ണിട്ട് നികത്തിയത്. നാല് ഷട്ടർ മുറിയുടെ നീളത്തിൽ കെട്ടിയ പന്തൽ നാല് മാസത്തോളം പൊളിച്ചു മാറ്റാതെ റോഡരികിലുണ്ടായിരുന്നു. സ്ഥലത്ത് മണ്ണിടാനുള്ള മറവിനാണ് പന്തൽ പൊളിക്കാതെ വെച്ചതെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്. മുമ്പ് ഒരു വണ്ടി മണ്ണിട്ടത് കണ്ടപ്പോൾ മുന്നറിയിപ്പ് നൽകിയതാണെന്നും ഇവർ പറയുന്നു. വിവരം അറിഞ്ഞു രാത്രി തന്നെ സ്ഥലത്ത് എത്തിയ എൻ.സി.പി (എസ് ) ജില്ലാ ജനറൽ സെക്രട്ടറി ഉദിനൂർ സുകുമാരൻ സബ് കളക്ടർ അഹമ്മദ് സൂഫിയാനെ ഫോണിൽ ബന്ധപ്പെട്ട് പ്രശ്നത്തിന്റെ ഗൗരവം ശ്രദ്ധയിൽപ്പെടുത്തി. കർശന നടപടി എടുക്കാമെന്നും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
എൻ.സി.പി (എസ് ) ജില്ലാ വൈസ് പ്രസിഡണ്ട് ടി. ദേവദാസ്, കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് രാഹുൽ നീലാങ്കര എന്നിവരും ഒപ്പമുണ്ടായിരുന്നു. നാട്ടുകാരുടെ ഒപ്പുശേഖരണം നടത്തി ജില്ലാ കളക്ടർക്കും സബ് കളക്ടർക്കും നിവേദനം നൽകുമെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരും പറഞ്ഞു.