
കാസർകോട്: സ്വന്തം പാർടിക്കാരിൽ നിന്നുതന്നെ അഴിമതി ആരോപണം നേരിട്ട രാജ്‌മോഹൻ ഉണ്ണിത്താനെതിരെ സമഗ്രമായ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്. ആദ്യഘട്ടമായി എംപിയുടെ കാഞ്ഞങ്ങാട് മാതോത്തെ വസതിയിലേക്ക് വെള്ളിയാഴ്‌ച മാർച്ച് നടത്തും. രാവിലെ 10ന് കൊവ്വൽപള്ളിയിൽ നിന്നും മാർച്ച് തുടങ്ങും.
ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചതിൽ ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് സന്തതസഹചാരി ബാലകൃഷ്‌ണൻ പെരിയ ഉന്നയിച്ച ആരോപണം. എംപി ഫണ്ടിൽ മുഖ്യപങ്കും ഹൈമാസ്റ്റ് വിളക്കിനായാണ് ഉപയോഗിച്ചത്. ഇക്കാര്യം ഏറെ അഭിമാനപൂർവം തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ണിത്താൻ പറഞ്ഞതുമാണ്. എന്നാൽ ഒരു ലൈറ്റിൽ ഒരു ലക്ഷം രൂപ ഉണ്ണിത്താൻ കൈപ്പറ്റി എന്നാണ് ഉയർന്ന ആക്ഷേപം. മൊത്തം 236 ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചു എന്നും പറയുന്നു. അങ്ങനെ വന്നാൽ 2.36 കോടിയുടെ അഴിമതി നടന്നുവെന്നാണ് പറയുന്നത്. ഇത്രവലിയ ആക്ഷേപം ഉയർന്നിട്ടും പ്രതികരിക്കാൻ എംപി തയ്യാറായിട്ടില്ല. തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് ബാലകൃഷ്‌ണൻ മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞതുമാണ്.
പൊതുപ്രവർത്തകന് മേൽ ഇത്തരമൊരു ആരോപണം ജില്ലയിൽ ആദ്യമാണ്. ഇതോടൊപ്പം പലരിൽ നിന്നും ഭീഷണിപ്പെടുത്തിയും എം പി പണം വാങ്ങിയെന്ന ഗുരുതര ആരോപണവും ബാലകൃഷ്ണൻ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുപ്രവർത്തക അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടക്കണം എന്നാവശ്യപ്പെട്ടാണ് മാർച്ചും ധർണയും. പരിപാടി വിജയിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഷാലു മാത്യവും സെക്രട്ടറി രജീഷ് വെള്ളാട്ടും അഭ്യർഥിച്ചു.