ജില്ലാ ആശുപത്രിക്ക് മുന്നിൽ അപ്രോച്ച് റോഡുകളെ ബന്ധിപ്പിച്ച് ഓവർബ്രിഡ്ജ് വേണമെന്ന ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയാണ് ഹൈക്കോടതി അഭിഭാഷകൻ സുബീഷ് ഹൃഷികേഷ് മുഖേന നിലവിൽ ദേശീയ പാത അതോറിറ്റി പണിയാൻ തീരുമാനിച്ച അഞ്ച് മീറ്ററോളം ഉയരത്തിൽ കാൽനടക്ക് മാത്രമായുള്ള മേൽപ്പാലത്തിന് പകരം ഭൂമിയുടെ ലെവലിൽ വാഹനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ പാലം പണിത് അപ്രോച്ച് റോഡുകൾ തമ്മിൽ ബന്ധിപ്പിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി ഫയലിൽ സ്വീകരിച്ച ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഈ ആവശ്യം പരിഗണിച്ച് 10 ദിവസത്തിനുള്ളിൽ മറുപടി കോടതിയിൽ റിപ്പോർട്ടായി സമർപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി. അതോടൊപ്പം തന്നെ ജില്ലാശുപത്രി അധികൃതർ എന്ത് കൊണ്ട് ഇങ്ങിനെ ഒരു ആവശ്യവുമായി മുന്നോട്ട് വന്നില്ല എന്നും കോടതി നിരീക്ഷിച്ചു.
എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ വിവിധ സർക്കാർ വകുപ്പുകളിൽ പരാതികളും നിവേദനങ്ങളും നൽകുകയും ആശുപത്രിക്ക് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ധർണ്ണ നടത്തുകയും ചെയ്തിട്ടും യാതൊരു ഫലവും കാണാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതിയിൽ നിന്നും പാവപ്പെട്ട രോഗികൾക്കും നാട്ടുകാർക്കും അനുകൂലമായ വിധിയുണ്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി, കോർഡിനേറ്റർ ശ്രീനാഥ് ശശി എന്നിവർ പറഞ്ഞു.