കാസർകോട് ജില്ല നിലവിൽ വന്ന് 40 വർഷം തികയുമ്പോഴും ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാതെ മാറി മാറി വരുന്ന സർക്കാരുകൾ ജനങ്ങളോട് കാണിക്കുന്ന അവഗണനക്കെതിരെ കോടതിയുടെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ ഹൈ കോടതിയിൽ പൊതു താത്പര്യ ഹരജി നൽകി. ജില്ലയിൽ പണി തുടങ്ങി എവിടെയും എത്താത്ത മെഡിക്കൽ കോളജ്, ജില്ലാശുപത്രി, താലൂക്ക് ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, സ്ത്രീകൾക്കും കുട്ടികൾക്കുമായി തുടങ്ങിയ അമ്മയും കുഞ്ഞും ആശുപത്രി എന്നിവയുടെയും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിളൊക്കെ ആരോഗ്യ മേഖലയിൽ ഓരോ തട്ടിലും വേണ്ടുന്ന ക്രമീകരണങ്ങളും സൗകര്യങ്ങളും ഇല്ലാതെ നട്ടം തിരിയുന്ന ജില്ലയിലെ ജനങ്ങളോട് കാണിക്കുന്ന വിവേചനം ചൂണ്ടിക്കാണിക്കാൻ പല മാർഗ്ഗങ്ങളും തേടിയെങ്കിലും ഒന്നും നടപ്പിലാവുന്നില്ല.
ഈ സാഹചര്യത്തിലാണ് കൂട്ടായ്മ കോടതിയെ സമീപിക്കാൻ നിർബന്ധിതരായത്. കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി തുറക്കുന്നതിന് ആശുപത്രിയെ കറുത്ത തുണി മൂടി നടത്തിയ സമരമടക്കം
ജില്ലയിൽ ആരോഗ്യ മേഖലയുടെ വികസനത്തിന് വേണ്ടി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ കഴിഞ്ഞ കൂട്ടായ്മക്ക് ജില്ലാ ആശുപത്രിയുടെ മുന്നിൽ കൂടി പോകുന്ന ദേശീയ പാതയിൽ നിന്നും ആശുപത്രിയിലേക്ക് റോഡ് നേടിയെടുക്കുന്നതിന്ന് സാധിച്ചു എന്നതു വലിയ നേട്ടമായി എന്ന് മാത്രമല്ല സർവീസ് റോഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ഒരു കേസ് നിലവിൽ ഹൈക്കോടതിയിൽ നടക്കുന്നതിലും ജില്ലയിലെ ജനങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടാകും എന്ന് കൂട്ടായ്മ എക്സിക്യൂട്ടിവ് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ അനുവദിക്കുന്ന എയിംസ് ജില്ലയിൽ നേടിയെടുക്കാൻ രൂപീകൃതമായ കൂട്ടായ്മ ആരോഗ്യ മേഖലയിലെ മറ്റു വിഷയങ്ങളിലും ഇടപെടുന്നത് അഭിനന്ദനീയമാണെന്ന് യോഗം വിലയിരുത്തി. പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീനാഥ് ശശി, അഹമ്മദ് കിർമാനി, കൃഷ്ണദാസ് അച്ചാംവീട്, മുഹമ്മദ് ഈച്ചിലിൻകാൽ, നാസർ കൊട്ടിലങ്ങാട്, സിസ്റ്റർ ജയ ആൻ്റോ മംഗലത്ത്, സുമിത നിലേശ്വരം, പ്രീത സുധീഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട് സ്വാഗതവും ട്രഷറർ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു. കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ജൂൺ 8 ന്നു കാഞ്ഞങ്ങാട് വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു