രാജപുരം: ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട് നടക്കുന്ന സിപിഐ എം ജില്ലാസമ്മേളനത്തിന് മുന്നോടിയായി എല്ലാ ഏരിയകളിലും ഓരോ കുടുംബത്തിന് വീട് നിർമിച്ചു നൽകും. ഇതിന്റെ ഭാഗമായി പനത്തടി ഏരിയാകമ്മിറ്റിയും കോളിച്ചാൽ ലോക്കൽകമ്മിറ്റിയും ചേര്‍ന്ന് ചെറുപനത്തടിയിലെ അക്ഷയയുടെ കുടുംബത്തിനായി നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ കൈമാറി.
ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വീട് നിർമിച്ചുനൽകുന്നത്. ഇതിനായി ഏരിയകളിൽ പ്രത്യേക കമ്മിറ്റിയും പ്രവർത്തനവും സംഘടിപ്പിക്കുന്നുണ്ട്. 2022 ൽ മടിക്കൈ അമ്പലത്തുകരയിൽ നടന്ന കഴിഞ്ഞ ജില്ലാസമ്മേളനത്തിന്റെ ഭാഗമായും ഏരിയകളിൽ വീടുനിർമിച്ച് നൽകിയിരുന്നു.
ചെറുപനത്തടിയിൽ നടന്ന താക്കോൽ കൈമാറ്റ ചടങ്ങിൽ കെ പി സുരേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സാബു അബ്രാഹം, ജില്ലാകമ്മിറ്റിയംഗം എം വി കൃഷ്ണൻ, ഏരിയാസെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, എം സി മാധവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം പുഷ്പകുമാരി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി വേണുഗോപാലൻ സ്വാഗതം പറഞ്ഞു.