ഭക്ഷ്യാവകാശങ്ങൾ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഉറപ്പുവരുത്തണമെന്ന ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തെ പോലും കാറ്റിൽ പറത്തി പാവങ്ങളുടെ കണ്ണീരിൽ ആനന്ദം കണ്ടെത്തുന്ന പിണറായി സർക്കാർ പൊതുവിതരണ കേന്ദ്രങ്ങളെ “ഇല്ല ” വിതരണ കേന്ദ്രങ്ങളാക്കിയെന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാർ കുറ്റപ്പെടുത്തി. ഭക്ഷ്യധാന്യങ്ങളില്ലാത്ത ഇടമായി റേഷൻ കടകളെ മാറ്റിയതിനെതിരെ കെ.പി.സി.സി ആഹ്വാന പ്രകാരം നീലേശ്വരത്തെ പൊതുവിതരണ കേന്ദ്രത്തിന് മുന്നിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണാ സമരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാർ. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എറുവാട്ട് മോഹനൻ ആദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മഡിയൻ ഉണ്ണികൃഷ്ണൻ കെ.എം. ശ്രീജ, സി. വിദ്യാധരൻ.കെ. പി. വിനോദ് എന്നിവർ പ്രസംഗിച്ചു.