പയ്യന്നൂര്‍: കരിവെള്ളൂർ ദേശീയപാതയിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തി. കരിവെള്ളൂര്‍ ആണൂര്‍ ഗാലക്‌സി ഓഡിറ്റോറിയത്തിന് സമീപത്തെ റിട്ട. കാംകോ ജീവനക്കാരൻ പി.വി. മുരളീധരന്റെ വീട്ടിലാണ് കവര്‍ച്ച ശ്രമമം നടന്നത്. ഒന്നും കിട്ടാതെ മോഷ്ടാക്കൾ നിരാശരായി മടങ്ങേണ്ടി വന്നുവെങ്കിലും വിലപിടിപ്പുള്ള മുൻവശത്തെ വാതിലും ഇരുനില വീടിൻ്റെ മുറികളിലെ ഏഴ് അലമാരകളും കുത്തിത്തുറന്ന മോഷ്ടാവ് സാധനസാമഗ്രികള്‍ വാരിവലിച്ചിട്ട് നശിപ്പിച്ചു
ഇന്ന് രാവിലെ 6.15 മണിയോടെയാണ് മുരളീധരൻ സംഭവം കണ്ടത്.
ഭാര്യ ഗള്‍ഫിലുള്ള മകൻ്റെ അടുത്തേക്കു പോയതിനാൽ മുരളീധരൻ ഇന്നലെ രാത്രി വീടുപൂട്ടി ഭാര്യാ സഹോദരിയുടെ ഏച്ചിക്കൊവ്വൽ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലേക്ക് പോയതായിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ കുത്തിതുറന്ന നിലയിൽ കണ്ടത്. ഗേറ്റ് പൂട്ടിയ നിലയില്‍ത്തന്നെയായിരുന്നു. അതിനാല്‍ മതില്‍ ചാടിക്കടന്നാണ് മോഷ്ടാക്കള്‍ അകത്തേക്ക് പ്രവേശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രണ്ടുനില വീടിൻ്റെ മുറികളിലെ അലമാരകള്‍ കുത്തിത്തുറന്നു നശിപ്പിച്ച് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരകളിലുണ്ടായിരുന്ന റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങള്‍ മോഷ്ടാക്കൾ പരിശോധിച്ച് അവിടെ തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു. അലമാരകളെല്ലാം തകർത്ത നിലയിൽ ഉപയോഗശൂന്യമായിരിക്കുകയാണ്. വീട്ടിലെ ഇൻ്റർനെറ്റ് കണക്ഷൻ്റെ മോഡം തകർത്ത നിലയിലാണ്. മോഷ്ടാക്കൾ രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചു.