കാഞ്ഞങ്ങാട് എംഎൽഎയും മുൻ മന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ.വെള്ളരിക്കുണ്ട് താലൂക്കിലെ ഡെപ്യൂട്ടി തഹസിൽദാർ കാഞ്ഞങ്ങാട് സ്വദേശി എ.പവിത്രനെയാണ് കളക്ടർ കെ.ഇമ്പശേഖരൻ സസ്പെന്റ് ചെയ്‌തത്. സെപ്‌തംബർ12-നാണ് ഇ.ചന്ദ്രശേഖരൻ എം എൽ എയെ അധിക്ഷേപിക്കുന്ന തരത്തിൽ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. ഇതു സംബന്ധിച്ച് ചന്ദ്രശേഖരൻ കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഉടൻ തന്നെ പോസ്റ്റ് പിൻവലിച്ച പവിത്രൻ തെറ്റ് സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് വിശദീകരണവും നൽകിയിരുന്നു. എന്നാൽ ഇതിനു മുൻപ് പലതവണ വ്യക്തികളെ അധിക്ഷേപിക്കുന്ന രീതിയിൽ പവിത്രൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നുവെന്നും അന്നു മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇട്ടത് അച്ചടക്ക ലംഘനവും റവന്യൂ വകുപ്പിൻ്റെ യശസിന് കളങ്കമുണ്ടാക്കുന്നതാണെന്നും കളക്ടറുടെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.