കണ്ണൂർ : ദീപികയുടെ 138 -ാമത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച ദീപികയുടെ ഔട്ട് സ്റ്റാൻ്റിംഗ് സോഷ്യൽ ഡവലപ്പ്മെൻ്റ് അവാർഡ് പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎൽ മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ ഏറ്റുവാങ്ങി. പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് നേട്ടം കൈവരിച്ചതിനാലാണ് ഈ അവാർഡിന് അർഹമായത്. വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായി ഒട്ടെറെ പദ്ധതികളാണ് കഴിഞ്ഞ 4 വർഷത്തിനകം കമ്പനി നടപ്പിലാക്കിയത്. ഖനന സ്ഥാപനം എന്ന ഖ്യാതി മാറ്റി കയർ മേഖലയിലേക്കും, വിവിധങ്ങളായ നാളികേര ഉൽപ്പന്നങ്ങളായ തേങ്ങാപാൽ, തേങ്ങ പൗഡർ, വെർജിൻ കോക്കനട്ട് ഓയിൽ, കോക്കനട്ട് വാട്ടർ ജ്യൂസ് എന്നിവയും കമ്പനി ഉൽപ്പാദിപ്പിച്ചു വരുന്നു. കൂടാതെ ഡിയോൺ സാനിറ്റൈസർ, ഹാന്റ് വാഷ്, ഫ്ലോർ ക്ലീനർ, ഡിസ്റ്റിൽഡ് വാട്ടർ, ഹാന്റ് റബ്ബ്, അഗ്രിപിത്ത് (ചകിരി വളം) തുടങ്ങി 15 ഓളം ഉൽപ്പന്നങ്ങൾ വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായി കെസിസിപിഎൽ ഉൽപ്പാദിപ്പിച്ചു വരുന്നുണ്ട്. ഇതിന് പുറമെ 13 തരം ഉൽപ്പന്നങ്ങൾ കൂടി ഉൽപ്പാദിപ്പിക്കുന്ന വിപുലമായ ആന്റിസെപ്റ്റിക്സ് ആന്റ് ഡിസിൻഫെക്ടന്റ് മാനുഫാക്ചറിംഗ് യൂണിറ്റിന്റെ കെട്ടിട നിർമ്മാണപ്രവർത്തി പുരോഗമിച്ചുവരികയാണ്. കൂടാതെ 3 പെട്രോൾ പമ്പും, ഇനിയും 2 പെട്രോൾ പമ്പ് കൂടി ആരംഭിക്കുന്നതിന്റെ നിർമ്മാണ പ്രവർത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഈ സാമ്പത്തിക വർഷം തന്നെ ഉദ്ഘാടനം നിർവ്വഹിക്കാൻ കഴിയും
പ്രതിസന്ധികളെ തുടർന്ന് 2015-16ൽ അടച്ചു പൂട്ടൽ ഭീഷണി നേരിട്ടപ്പോൾ കമ്പനിക്ക് 3.40 കോടി രൂപ വിറ്റുവരവും 3.60 കോടി നഷ്ടവും ആയിരുന്നു. ഈ സ്ഥാപനത്തിനാണ് വൈവിദ്ധ്യവൽക്കരണ പദ്ധതിയിലൂടെ 70 കോടി രൂപ വിറ്റുവരവ് നേടാനും ഇതുമൂലം കേരളത്തിലെ ലാഭത്തിൽ പ്രവർത്തിക്കുന്ന ചുരുക്കം ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുവാനും കമ്പനിക്ക് സാധിച്ചിട്ടുള്ളത്. ഇതിലൂടെ നിരവധി പുതിയ തൊഴിൽ സാധ്യതകളും ഉണ്ടായി. സംസ്ഥാന സർക്കാരിന്റെ അവസരോചിത ഇടപെടലും ഭരണ സമിതിയുടെയും ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും നിർല്ലോഭമായ പിന്തുണയും സഹകരണവും ഇതിലൂടെയുള്ള കൂട്ടായ്മയുടെ വിജയമാണിതെന്ന് ആനക്കൈ ബാലകൃഷ്ണൻ പറഞ്ഞു. ധർമ്മശാലയിൽ വെച്ച് നടന്ന ചടങ്ങിൽ പുരാവസ്തു രജിസ്ത്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. , സണ്ണി ജോസഫ് എം.എൽ.എ ,ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി , കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ , ദീപിക എം.ഡി റവ.ഫാ.ബെന്നി മുണ്ടനാട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.