ഭർത്താവ് ഗൾഫിലേക്ക്മടങ്ങാനിരിക്കെ കുഴഞ്ഞു വീണ് മരിച്ച യുവതിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
എളേരി അടുക്കളമ്പാടി തെങ്കപ്പാറ ജോബിൻസ് കെ മൈക്കിളിന്റെ ഭാര്യ ദർശന ( 28 ) ആണ് ഇന്നലെ രാത്രി ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. രാത്രി 11 മണിയോടെയാണ് ദർശന വീട്ടിനകത്ത് കുഴഞ്ഞുവീണത് ഉടൻ ചെറുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പത്തനംതിട്ടയിലെ സ്വന്തം വീട്ടിൽ താമസിച്ചിരുന്ന ദർശന ഭതൃപിതാവിന്റെ മരണത്തെ തുടർന്നാണ് എളേരിയിലേക്ക് വന്നത്. രണ്ടാഴ്ച മുമ്പാണ് പിതാവ് മൈക്കിളിന്റെ മരണത്തെത്തുടർന്ന് ജോബിൻസ് നാട്ടിലെത്തിയത്. ഇന്ന് ജോബിൻസ് ഗൾഫിലേക്ക് തിരിച്ചു പോകാനിരിക്കുകയായിരുന്നു. ചിറ്റാരിക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.