
കാസർകോട് : ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള പാലത്തിനടുത്ത് താൽക്കാലിക ടോൾ ബൂത്ത് നിർമിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എം രാജഗോപാലൻ എംഎൽഎ ആവശ്യപ്പെട്ടു.
ടോൾ ബൂത്തുകൾ തമ്മിൽ 60 കിലോമീറ്റർ ദൂരമാണ് ഉണ്ടാകേണ്ടത് എന്ന നിയമം നിലനിൽക്കെയാണ്, തലപ്പാടിയിൽനിന്നും വെറും 23 കിലോമീറ്റർ അകലെ മറ്റൊരു താൽക്കാലിക ടോൾ ബൂത്തുകൂടി നിർമിക്കുന്നത്. ഫലത്തിൽ കാസർകോട് നിന്ന് മംഗളൂരുവിലേക്ക് ദേശീയപാതയിലൂടെ പോകുന്ന യാത്രക്കാർ രണ്ടുടോൾ നൽകി യാത്ര ചെയ്യേണ്ട അവസ്ഥയുണ്ടാകും. ഇതൊരിക്കലും അനുവദിക്കാനാകില്ല.
നിലവിൽ തലപ്പാടി കഴിഞ്ഞാൽ പെരിയ ചാലിങ്കാലിലാണ് അടുത്ത ടോൾ ബൂത്ത് സ്ഥാപിക്കുന്നത്. ആദ്യ റീച്ച് ദേശീയപാത നിർമാണം പൂർത്തിയായെങ്കിലും ചെങ്കള–- തളിപ്പറമ്പ് റീച്ചിലെ ദേശീയപാത നിർമാണം ഇഴയുന്നതിനാൽ, ചാലിങ്കാൽ ടോൾ ബൂത്ത് ഉടൻ സജ്ജമാകില്ല. കരാർ കമ്പനിയുടെ അനാസ്ഥയുടെ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റിക്ക് അടിയന്തിരമായി കേന്ദ്രസർക്കാർ നിർദ്ദേശം നൽകണം. പ്രശ്‌നത്തിൽ ഇടപെടണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും എം രാജഗോപാലൻ എംഎൽഎ പ്രസ്‌താവനയിൽ പറഞ്ഞു.