
കാസർകോട്: നേതാക്കളെ ലക്ഷ്യമിട്ട് സിബിഐ സംഘം നടത്തിയ ബോധപൂർവമായ നീക്കമാണ്, ഉടൻ ജാമ്യമില്ലാത്തവിധം നേതാക്കൾക്ക് ശിക്ഷ ലഭിക്കാൻ കാരണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ പറഞ്ഞു. പെരിയ കേസിൽ സിബിഐ പ്രതിചേർത്ത പത്തിൽ ആറുപേരും കുറ്റവിമുക്തരായതാണ്. ഇപ്പോൾ കോടതി ശിക്ഷിച്ച ജില്ലാസെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കൾക്ക്, കൊലപാതകത്തിലോ ഗൂഡാലോചനയിലോ പങ്കില്ലെന്ന് സിബിഐ കോടതി കൃത്യമായി വ്യക്തമാക്കിയതുമാണ്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന നിലയിൽ വ്യാജമൊഴി സംഘടിപ്പിച്ച്, നേതാക്കളെ അൽപകാലം തടവിലിടാൻ കഴിഞ്ഞേക്കും. ഇത് കള്ളമാണന്ന് തെളിയിക്കാൻ പാർടി എല്ലാത്തരത്തിലുമുള്ള നിയമപോരാട്ടം തുടരും.
മാധ്യമ അജണ്ടക്കനുസരിച്ച് സിബിഐ സംഘം തിരക്കഥയൊരുക്കി എടുത്ത ഈ കേസുകൊണ്ട് പാർടിയെ തകർക്കാമെന്നവ്യാമോഹം കോൺഗ്രസുകാർക്കും വലതുപക്ഷ മാധ്യമങ്ങൾക്കും ഉണ്ടാകേണ്ടതിലെന്നും എം വി ബാലകൃഷ്‌ണൻ പറഞ്ഞു.