മകള്‍ക്ക് ഭിന്നശേഷി കാര്‍ഡ് കിട്ടും, വികലാംഗ പെന്‍ഷനും ചികിത്സാ ധനസഹായവും വൈദ്യുതി കണക്ഷനും ഉറപ്പ് നല്‍കി മന്ത്രി. നീറുന്ന ജീവിത പ്രശ്‌നങ്ങളുമായാണ് എന്‍മകജെ ഗ്രാമ പഞ്ചായത്തിലെ കൂരടുക്ക, ഖണ്ഡികെയിലെ സന്ധ്യാ സരസ്വതിയും കുടുംബവും മഞ്ചേശ്വരം താലൂക്ക് തല അദാലത്തില്‍ എത്തിയത്. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട സന്ധ്യയുടെ ഇളയ മകള്‍ ഏഴ് വയസ്സുകാരി ബബിത തലാസീമിയ രോഗ ബാധിതയാണ്. കുട്ടിയുടെ ചികിത്സയ്ക്ക് വലിയ തുക ആവശ്യമാണ്. മാസത്തില്‍ നാല് പ്രാവശ്യം കുട്ടിക്ക് രക്തം മാറ്റേണ്ടതിനാല്‍ ഭര്‍ത്താവിന് മാസത്തില്‍ എട്ട് ദിവസം മാത്രമേ ജോലിക്ക് പോകാന്‍ കഴിയൂ. കുടുംബത്തിന് വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. 10 വയസ്സുകാരിയായ മൂത്ത മകളും അടങ്ങിയതാണ് തങ്ങളുടെ കുടുംബമെന്ന് സന്ധ്യ പറഞ്ഞു.
ഭാഷാ പരിമിതിയുള്ളതിനാല്‍ സന്ധ്യയ്ക്കും കുടുംബത്തിനും വേണ്ടി എന്‍മകജെ പഞ്ചായത്ത് അംഗം സൗദാബി ഹനീഫ് അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മുന്നിലെത്തി. ലൈഫ് ഭവന പദ്ധതിയില്‍ മൂന്ന് ലക്ഷം രൂപ ലഭിച്ചെങ്കിലും വീട് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. നിലവില്‍ എന്‍മകജെയിലെ പുറമ്പോക്ക് ഭൂമിയില്‍ ആള്‍താമസം ഇല്ലാത്ത വീട്ടില്‍ താല്‍ക്കാലികമായി താമസിച്ച് വരികയായിരുന്നു കുടുംബം. ഈ വീടിന് കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല. വൈദ്യുതിയും കിട്ടിയില്ല. നിലവില്‍ കര്‍ണ്ണാടകയെയാണ് ഇവര്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്നത്.
വിഷയം സൂക്ഷ്മമായി പരിശോധിച്ച ശേഷം എത്രയും പെട്ടെന്ന് ഇവര്‍ക്ക് കണക്ഷന്‍ നല്‍കാന്‍ കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ബബിതയ്ക്ക് ഭിന്നശേഷി തെളിയിക്കുന്ന യു.ഡി.ഐ.സി കാര്‍ഡ് അനുവദിക്കാന്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യു.ഡി.ഐ.ഡി കാര്‍ഡ് ലഭിച്ച കുട്ടിക്ക് നാല്‍പത് ശതമാനം വൈകല്യം പരിഗണിച്ച് ഭിന്നശേഷി പെന്‍ഷന്‍ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യത്തിന് നിര്‍ദ്ദേശം നല്‍കി. നിലവില്‍ പട്ടികവര്‍ഗ്ഗ വകുപ്പ് കുടുംബത്തിന് സൗജന്യ ഭക്ഷണവും ചികിത്സാ ചിലവായി 5000 രൂപയും നല്‍കി വരുന്നുണ്ടെന്ന് കാസര്‍കോട് പട്ടികവർഗ്ഗ വികസന ഓഫീസർ അറിയിച്ചു. അദാലത്തിലെത്തി മന്ത്രിയുടെ മറുപടിയില്‍ തങ്ങള്‍ പൂര്‍ണ്ണ തൃപ്തരാണെന്നും വലിയ പ്രതീക്ഷകളോടെയാണ് അദാലത്ത് വേദി വിട്ടിറങ്ങുന്നതെന്നും നിറ കണ്ണുകളോടെ സന്ധ്യ പറഞ്ഞു.