കാസർകോട്: ബി.ജെ.പി അവിശ്വാസ പ്രമേയത്തെ പിന്തുണച്ച കോൺഗ്രസ് പഞ്ചായത്ത് അംഗത്തെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. പൈവളിഗെ പഞ്ചായത്ത് അംഗം അവിനാശ് മച്ചാദോയ്‌ക്കെതിരെയാണു നടപടി. പഞ്ചായത്ത് പ്രസിഡന്റായ സി.പി.എം അംഗത്തിനെതിരെ ബി.ജെ.പി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുകൂലമായി അവിനാശ് വോട്ട് ചെയ്തിരുന്നു.
പൈവളിഗെ പഞ്ചായത്തിൽ എട്ടുവീതം അംഗങ്ങളാണ് എൽ.ഡി.എഫിനും ബി.ജെ.പിക്കുമുള്ളത്. നേരത്തെ നറുക്കെടുപ്പിലൂടെ സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനവും ബി.ജെ.പിക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിക്കുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പ്രസിഡന്റിനെതിരെ ബി.ജെ.പി അവിശ്വാസം കൊണ്ടുവന്നത്. ഇതിനെ പഞ്ചായത്തിലെ ഏക കോൺഗ്രസ് അംഗമായ അവിനാശ് പിന്തുണയ്ക്കുകയായിരുന്നു. എന്നാൽ, മുസ്‌ലിം ലീഗിന്റ രണ്ട് അംഗങ്ങളും അവിശ്വാസത്തെ എതിർത്ത് സി.പി.എമ്മിനെ പിന്തുണച്ചു. ഇതോടെ പ്രമേയം തള്ളിപ്പോകുകയായയിരുന്നു.