കരിവെള്ളൂർ : കുട്ടികളെ ശാസിക്കാതെ സ്നേഹിച്ചു വളർത്തുകയാണ് വേണ്ടതെന്ന് ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ മാഷ് പറഞ്ഞു. നിടുവപ്പുറം സംഘശക്തി ഗ്രന്ഥാലയം വി.ശശിധരൻ്റെയും സവിതയുടെയുടെയും വീട്ടുമുറ്റത്ത് സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ പ്രശസ്ത ടി വി അവതാരകയും യൂണിസെഫിൻ്റെ ഗുഡ് വിൽ അംബാസിഡറുമായ തെത്സുകോ കുറി യോനഗി രചിച്ച ‘ടോട്ടോ- ചാൻ ‘ പുസ്തകത്തിലെ മുഖ്യ കഥാ പാത്രമായ കൊബായാഷി മാഷിൻ്റെ വിദ്യാഭ്യാസ പരീക്ഷണങ്ങൾ സദസ്സുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം. സ്കൂളിൽ നിന്നുള്ള യാത്രകൾ, എല്ലാ കുട്ടികളെയും ഒന്നാമതെത്തിക്കാൻ നടത്തിയിരുന്ന റ്റോമോ സ്കൂളിലെ വിവിധ മത്സരങ്ങൾ, ‘കടലിൽ നിന്നും മലകളിൽ നിന്നുമുള്ള പങ്കുണ്ടോ’ എന്ന് ചോദിക്കുന്ന ഉച്ചഭക്ഷണസമയം, ലൈബ്രറിയിലേക്കുള്ള ഓട്ടം തുടങ്ങി കൊബായാഷി മാഷ് നടത്തിയ ‘അത്ഭുത സ്കൂളിന്റെ’ വിശേഷങ്ങളാണ് പുസ്തകം നിറയെ.
വികൃതിക്കുട്ടിയെ ലോകം അറിയുന്ന ആളാക്കി മാറ്റിയ കൊബായാഷി മാഷെക്കുറിച്ചുള്ള പുസ്തകം എല്ലാ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും വായിച്ചിരിക്കേണ്ടതാണ് – കൊടക്കാട് മാഷ് ചൂണ്ടിക്കാട്ടി..എൻ. വി. അശോകൻ അദ്ധ്യക്ഷനായി. ഗ്രന്ഥാലയം പ്രസിഡൻ്റ് വി.ശശിധരൻ, സെക്രട്ടരി എ.കെ.രമ, തമ്പാൻ മാസ്റ്റർ, ബാലചന്ദ്രൻ മാസ്റ്റർ, മഞ്ജുളവേണി ടീച്ചർ, ശോഭ കല്ലത്ത് സംസാരിച്ചു.