പരപ്പ : ‘എന്റെ ആട് പെറട്ടെ അപ്പൊ കാണാം…’ആടിനെയും പിടിച്ചു പുന്നാര ആങ്ങളയെ തേടിയെത്തിയ പാത്തുമ്മയും ബഷീറും കുട്ടികളുടെ മനംകവര്‍ന്നു. പാത്തുമ്മയ്ക്കു പിന്നാലെ ബഷീറിന്റെ വിശ്വവിഖ്യാതരായ പരിവാരങ്ങളും എത്തിയപ്പോള്‍ ബാനം ഗവ.ഹൈസ്‌കൂള്‍ കുട്ടികള്‍ ബേപ്പൂര്‍ സുല്‍ത്താനെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും അടുത്തറിഞ്ഞു. ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബഷീർ കൃതികളുടെയും ഇതര സാഹിത്യകാരന്മാരുടെ കൃതികളുടേയും രംഗാവിഷ്കാരം, പ്രസംഗം, ക്വിസ് എന്നിവയും നടത്തി. ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെയും വായനപക്ഷാചരണ സമാപനവും കവി സുകുമാരൻ ബാനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ബാനം കൃഷ്ണൻ, വികസനസമിതി ചെയർമാൻ കെ.എൻ ഭാസ്‌കരൻ, സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി കെ.ഭാഗ്യേഷ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ അനൂപ് പെരിയൽ നന്ദിയും പറഞ്ഞു.