ചൂട് കൂടുകയും ഉത്പാദനം കുറയുകയും ചെയ്തതോടെ സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ കൂടി. ഒരു മാസം കൊണ്ട് കിലോയ്ക്ക് 50 രൂപയിലധികമാണ് കൂടിയത്. ഒരു മാസം മുൻപ് കിലോയ്ക്ക് 180 രൂപയായിരുന്ന ചിക്കന് ഇപ്പോൾ വില 240 ആണ്. വില കൂടിയതോടെ കടകളിൽ ഇറച്ചി വിൽപന കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
കനത്ത ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ ചത്ത് പോവുകയും ഉള്ളവയ്ക്ക് തൂക്കം കുറയുകയും ചെയ്യുന്നതോടെ ഫാമുടമകൾ ഉത്പാദനം കുറച്ചു. വെള്ളത്തിനടക്കം ചെലവ് കൂടുമെന്നത് കൊണ്ടും പല ഫാമുകളും കോഴികളുടെ എണ്ണം പാതിയോളമാണ് കുറച്ചത്.
എന്നാൽ അവസരം മുതലെടുത്ത് ഇതര സംസ്ഥാന ലോബി കൃത്രിമ ക്ഷാമമുണ്ടാക്കുന്നതും വില കൂടാൻ കാരണമായെന്നാണ് കച്ചവക്കാർ പറയുന്നത്. ഉത്പാദനം കൂടിയില്ലെങ്കില്‍ ഇറച്ചിവില ഇനിയും കൂടാനാണ് സാധ്യത. അങ്ങനെയെങ്കിൽ വരാനിരിക്കുന്ന റംസാൻ കാലത്തെയും അത് ബാധിക്കുമെന്നുറപ്പ്.