കാസർകോട്: കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്ന്മുതൽ 11 വരെ കാസർകോട് ചൗക്കി കാവുഗോളി ശ്രീ ശിവക്ഷേത്രത്തിൽ നടത്താനിരുന്ന ചതുർവേദ ജ്ഞാന മഹായജ്ഞം മാറ്റിവച്ചു. ടൗൺ കോപ്പറേറ്റിവ് ബാങ്ക് ഹാളിൽ ചേർന്ന വിശ്വജ്ഞാന സംഘം ട്രസ്റ്റും സംഘാടക സമിതി കോർ അംഗങ്ങളുടെയും യോഗം സംഘാടക സമിതി ചെയർമാൻ വിജയൻ രാമൻ കരിപ്പോടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിന്റെ ചെയർമാൻ ജയചന്ദ്രൻ കൈതപ്രം കാര്യങ്ങൾ വിശദീകരിച്ചു. ചതുർവേദ ജ്ഞാന മഹായജ്ഞം മാറ്റി വെച്ചുള്ള തീരുമാനം യോഗത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ പ്രാദേശിക, സംസ്ഥാന, ദേശീയ അന്തർദേശീയ കമ്മിറ്റികളും പിരിച്ചുവിട്ടു.
ഈ വിഷയത്തിൽ എല്ലാ ഭക്തജനങ്ങളുടെയും സഹകരണവും ഉണ്ടാകണമെന്ന് വിശ്വ ജ്ഞാന സംഘം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ചതുർവേദ ജ്ഞാന മഹായജ്ഞം പുനഃക്രമീകരിക്കുകയും പുതിയ തീയതി യഥാസമയം പ്രഖ്യാപിക്കുന്നതായിരിക്കും. ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി കരുണാകരൻ നീലേശ്വരം സ്വാഗതവും ട്രസ്റ്റിന്റെ ട്രഷറർ രാമകൃഷ്ണൻ തളിപ്പറമ്പ് നന്ദിയും പറഞ്ഞു.