
ചന്തേര : ഇ എം എസ് ഗ്രന്ഥാലയം സംഘടിച്ചിച്ച വായന വസന്തം പരിപാടിയിൽ താരമായി ചന്തേര ഗവ.യു. പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി അലൻ. എസ്. നാഥ്. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ ‘ടോട്ടോ – ചാൻ ജനാലയ്ക്കരികിലെ വികൃതിക്കുട്ടി ‘എന്ന പുസ്തകം പരിചയപ്പെടുത്തി. ജപ്പാനിലെ റ്റോമോ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്ന കൊബായാഷി മാഷ് പൊതു വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്തുന്നതിന് എൺപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് ആവിഷ്കരിച്ച നൂതന പരീക്ഷണങ്ങളാണ് സ്കൂളിലെ വിദ്യാർഥിയായിരുന്ന തെത്സുക കുറോയാനഗി രചിച്ച പുസ്തകത്തിലെ പ്രതിപാദ്യം. എൽകെജി വിദ്യാർഥിയായ ടോട്ടോച്ചാനെ സ്കൂളിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് കൊബായാഷി മാഷിൻ്റെ റ്റോമോ സ്കൂളിൽ എത്തുന്നതോടെയാണ് കഥയുടെ തുടക്കം. പിന്നീടവൾ ലോകത്തിലെ മികച്ച ടെലിവിഷൻ അവതാരികയും യൂനിസെഫിൻ്റെ ഗുഡ് വിൽ അംബാസിഡറുമായി വളരുകയായിരുന്നു. റ്റോമോ സ്കൂളിലെ ഉച്ചഭക്ഷണ രീതിയും പോളിയോ ബാധിച്ച് ശരീരം തളർന്ന കൂട്ടുകാരി യാസാക്കിച്ചാനെ കൂറ്റൻ മരത്തിന് മുകളിലെത്തിച്ച് കടലും ആകാശവും കാണിച്ചതും അലൻ നേരിട്ട് കണ്ടതു പോലെ വിവരിച്ചു. ടോട്ടോചാൻ്റെ കുസൃതിക്കളെക്കുറിച്ചുള്ള കുഞ്ഞു വർത്തമാനം ശ്രോതാക്കളുടെ കയ്യടി നേടി. “അലൻ, നീ ശരിക്കും നല്ലൊരു കുട്ടിയാണ് ട്ട്വോ….” ടോട്ടോച്ചാ ൻ്റെ വളർച്ചയിൽ കോബായാഷി മാസ്റ്ററുടെ പ്രോത്സാഹന മന്ത്രം കടമെടുത്ത് കൊടക്കാട് നാരായണൻ മാഷ് കൊച്ചു മിടുക്കനെ അഭിനന്ദിച്ചു. ചന്തേരയിലെ ശ്രീജയുടെയും ജഗന്നാഥൻ്റെ മകനാണ് ഈ കൊച്ചു മിടുക്കൻ. ചടങ്ങിൽ സി.എച്ച് സന്തോഷ് മാഷ് അധ്യക്ഷനായി. നിതിൻരാജ് കെ കെ, ഹേമലത കെ, പ്രസിഡൻ്റ് പി.പി.അശോകൻ, ടി പി ഭാസ്ക്കരൻ, സെക്രട്ടരി കെ.വി. അനിൽകുമാർ എന്നിവർ സംസാരിച്ചു.