തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ ആശ്വസമായി വേനൽ മഴയെത്തുന്നു. ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 23ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.
അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലർട്ട് തുടരുന്നു. 25 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 21 മുതൽ 25 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
നിലവിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്. എൽനിനോ പ്രതിഭാസം കാരണം ഈ വർഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തവണ വേനലിലെ ചൂട് ഫെബ്രുവരിയിൽ തന്നെ തുടങ്ങി. മിക്ക ജില്ലകളിലും ശരാശരി 30 ഡിഗ്രിക്ക് മുകളിലാണ് പകൽ സമയത്തെ ശരാശരി താപനില. ഉയർന്ന താപനിലയിൽ വർധവനാണ് പലയിടത്തും രേഖപ്പെടുത്തുന്നത്. എൽ നിനോ പ്രതിഭാസമാണ് ഇത്തവണത്തെ ചൂട് വർധിക്കലിന് കാരണമെന്നാണ് നിഗമനം.